കൂത്തുപറമ്പ്: ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിക്കായി 25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. പരിമിതികളിൽ വീർപ്പ് മുട്ടുന്ന അവസ്ഥയിലായിരുന്നു ഈ കോടതി കെട്ടിടം. അഞ്ച് വർഷം മുൻപാണ് കോടതിക്ക് പുതിയ കെട്ടിട സമുച്ചയം പണിയാൻ സംസ്ഥാന ബഡ്ജറ്റിൽ 5 കോടി രൂപ വകയിരുത്തിയത്.
എന്നാൽ സാങ്കേതിക പ്രശ്നങ്ങളിൽക്കുരുങ്ങി കെട്ടിട നിർമ്മാണം നീണ്ടു പോവുകയായിരുന്നു. ഇപ്പോൾ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് 25 കോടി രൂപ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭ്യമാവുകയും നഗരസഭയിൽ സമർപ്പിച്ച പ്ലാൻ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 10,000 സ്ക്വയർ ഫീറ്റിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള സമുച്ചയം പൂർത്തിയാക്കുക.
കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. വാശാലമായ കോട്ട് ഹാൾ, ഓഫീസ്, തൊണ്ടിമുറി, മീഡിയേഷൻ ഹാൾ, സമ്മേളന ഹാൾ, ബാർ അസോസിയേഷനും വക്കീൽ ക്ലാർക്കുമാർക്കും ഓഫീസുകൾ, കക്ഷികൾക്കുള്ള വിശ്രമമുറി തുടങ്ങി വിപുലമായ സൗകര്യങ്ങൾ കെട്ടിടത്തിൽ ഉണ്ടാകും. അതോടൊപ്പം പാർക്കിംഗിനും വിപുലമായ സൗകര്യമുണ്ടാകും. ഹരിത ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന അന്തിമ പരിശോധന പൂർത്തിയാവുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
25 കോടി
കിഫ്ബി
ഫണ്ട്
സെക്കൻഡ് ക്ളാസിൽ
തുടക്കം
1871ലാണ് കൂത്തുപറമ്പിൽ സെക്കൻഡ് ക്ലാസ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കപ്പെട്ടത്. ജുഡീഷ്യറിയും എക്സിക്യൂട്ടീവും വേർതിരിച്ചപ്പോൾ 1954ൽ ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേട്ട് കോടതിയായി മാറുകയായിരുന്നു. സംസ്ഥാനത്തെ രണ്ടാം ക്ലാസ് കോടതികളെല്ലാം ഒന്നാം ക്ലാസ് കോടതികളാക്കി മാറ്റിയപ്പോൾ രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ് കൂത്തുപറമ്പ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായി ഉയർത്തപ്പെട്ടത്.