പയ്യന്നൂർ: തിരക്കേറിയ നഗരമദ്ധ്യത്തിൽ അപകടക്കെണിയൊരുക്കി പി.ഡബ്‌ള്യു.ഡി കോൺക്രീറ്റ് വാട്ടർ ടാങ്ക്. പയ്യന്നൂർ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ വടക്കേബസാർ സ്വാമി ആനന്ദതീർത്ഥ റോഡിന് സമീപത്തെ വാട്ടർടാങ്കാണ് കോൺക്രീറ്റ് അടർന്നും ആൽമരം വളർന്നും അപകടത്തിലായിരിക്കുന്നത്.
മാലിന്യങ്ങൾ നിക്ഷേപിക്കാനും കത്തിക്കാനുമാണ് ഈ ടാങ്ക് പരിസരം ഇപ്പോൾ ഉപയോഗിക്കുന്നത്. ടാങ്കിന്റെ ഒരു പില്ലർ റോഡിനരികത്താണ്. കാൽനട യാത്രക്കാരെ അപകടപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ ഇപ്പോഴത്തെ നിൽപ്. ഏറേ അപകടകരമാണിത്. ടാങ്കിന് സമീപത്ത് തന്നെയാണ് ഓട്ടോസ്റ്റാൻഡ്. ബി.ഇ.എം.എൽ.പി സ്‌കൂൾ, പയ്യന്നൂർ ബോയ്‌സ് സ്‌കൂൾ, ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഇതിലൂടെയാണ് കടന്നു പോകുന്നത്.
സബ് കോടതി വളപ്പിലെ മൂന്ന് സെന്റോളം സ്ഥലം ഉപയോഗപ്പെടുത്തിയാണ് പി.ഡബ്‌ള്യു.ഡി ഈ ടാങ്ക് നിർമ്മിച്ചത് .ആദ്യമൊക്കെ ഉപയോഗിച്ചെങ്കിലും കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായി. ഇത് പൊളിച്ച് മാറ്റുകയാണെങ്കിൽ കോടതി വളപ്പിലെ ഈ സ്ഥലം ഫലപ്രദമായി വിനിയോഗിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും അധികൃതർക്ക് സാധിക്കും .
പ്രശാന്ത് കോറോം