മാഹി: ഒട്ടേറെ സഞ്ചാരികളെ ആകർഷിച്ചിരുന്ന പുതുച്ചേരി ടൂറിസം വകുപ്പ് നിർമ്മിച്ച മയ്യഴിപ്പുഴയോരത്തെ ജല കേളീ സമുച്ചയം നാശത്തിന്റെ വക്കിൽ. വലിയപ്രതീക്ഷകളോടെ ദശകങ്ങൾക്ക് മുമ്പ് നിർമ്മിച്ച ടൂറിസം കേന്ദ്രത്തിൽ സ്പീഡ് ബോട്ടുകൾ, കയാക്കിംഗ്, വാട്ടർ സ്‌കൂട്ടർ, പെഡൽ ബോട്ടുകൾ, ബനാന റൈഡ് എന്നിവ ഒരുക്കിയിരുന്നു. പി.ടി.ഡി.സിയുടെ ഒരു കാന്റീനും പുഴയോട് ചേർന്ന് ഉണ്ടെങ്കിലും, ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. നിലവിൽ രണ്ട് യന്ത്രവൽകൃത ബോട്ടുകൾ മാത്രമാണുള്ളത്. രണ്ടിനും കൂടി ഒരു ഡ്രൈവറും. ബോട്ട് എൻജിനാകട്ടെ പതിനഞ്ച് വർഷം പഴക്കമുള്ളതുമാണ്.

ജീവനക്കാരെ കൂട്ടത്തോടെ പുതുച്ചേരിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. നാല് സ്ഥിരം ജീവനക്കാരും, ഏഴ് ടൂറിസ്റ്റ് ഗാർഡുകളും മാത്രമാണ് ഇപ്പോൾ മാഹിയിലുള്ളത്. ടൂറിസം അധികൃതർ ആരും മഞ്ചക്കൽ ജല കേളീ സമുച്ചയത്തിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല. ഒരാൾ പൊക്കത്തിൽ കുറ്റിക്കാടുകൾ ഉയർന്നിട്ടുണ്ട്. ഇഴജീവികളുടേയും, രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടേയും വിഹാരകേന്ദ്രമാണിവിടം. കോമ്പൗണ്ടിനകത്തെ മനോഹരമായ മണ്ഡപത്തിൽ മുൻകാലങ്ങളിൽ വിവിധ കലാപരിപാടികൾ നടത്താറുണ്ട്. പി.ടി.ഡി.സിയുടെ വോക്ക് വേയിലുള്ള കാന്റീനും അടച്ചു പൂട്ടി. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഇവരുടെ മറ്റൊരു കാന്റീനിൽ ഇപ്പോൾ ഉച്ചഭക്ഷണവും നിർത്തലാക്കിയിരിക്കുകയാണ്. വൻ ടൂറിസം സാദ്ധ്യതകളുള്ള മയ്യഴിയുടെ ഏറ്റവും മനോഹരമായ തീരമാണ് അധികൃതരുടെ അനാസ്ഥയിലും, അവഗണനയിലും കാടുകയറുന്നത്.

തുടങ്ങാനാവാതെ സാഹസിക ഉല്ലാസയാത്ര

മാഹി പൊലീസ് സ്റ്റേഷന്റെ പിറകിൽ വച്ചാണ് ഇപ്പോൾ യാത്രക്കാരെ ബോട്ടിൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. മാഹിയിൽ നിന്ന് വെള്ളിയാങ്കലിലേക്ക്, കടലിൽ തിമർത്ത് കളിക്കുന്ന ഡോൾഫിൻ കൂട്ടത്തേയും കണ്ട്, സാഹസിക ഉല്ലാസയാത്ര നടത്താനുള്ള പദ്ധതി ഉദ്ഘാടനം കഴിഞ്ഞെങ്കിലും തുടർ നടപടികളുണ്ടായില്ല.

ചരിത്ര പ്രാധാന്യത്തിനും കുറവില്ല
ശ്രീ നാരായണ ഗുരുദേവൻ മയ്യഴി സന്ദർശിച്ച വേളയിൽ സൂര്യോദയം കാണാൻ ഇവിടുത്തെ പാറക്കെട്ടുകളിൽ ധ്യാനനിമഗ്‌നനായിരുന്നിട്ടുണ്ട്. ഇപ്പോഴും യോഗാചാര്യന്മാരും, പഠിതാക്കളും ധ്യാനമിരിക്കുന്നു. ഇവിടെ നിന്നാണ് മൂന്ന് കിലോമീറ്ററോളം നീളുന്ന പുഴയോര നടപ്പാത ആരംഭിക്കുന്നത്.

നാശോൻമുഖമായ മഞ്ചക്കൽ ജല കേളീ സമുച്ചയം