
കാസർകോട്: മഹാരാഷ്ട്ര സ്വദേശി സഞ്ചരിച്ചിരുന്ന കാറിന്റെ രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന 6.5 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് കാഞ്ഞങ്ങാട് - കാസർകോട് റോഡിൽ ചന്ദ്രഗിരിപ്പാലത്തിന് സമീപം ബുധനാഴ്ച രാത്രി 12.30ഓടെ നടത്തിയ വാഹന പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ മഹാരാഷ്ട്ര കോലാപൂർ സ്വദേശി മഹേഷിനെ (25) അറസ്റ്റുചെയ്തു. കാറിന്റെ പിൻസീറ്റിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്ന രഹസ്യ അറ. കണ്ണൂർ വിമാനത്താവളം വഴി എത്തിയ സ്വർണം മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായി കസ്റ്റംസ് അസി. കമ്മിഷണർ ഇ. വികാസ് പറഞ്ഞു. ഒരു മാസം മുൻപ് തന്നെ സ്വർണം കൊണ്ടുപോകുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നതായി കസ്റ്റംസ് വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭിക്കു എന്ന് അധികൃതർ പറഞ്ഞു.