
ചെറുപുഴ:പശുക്കളിലെ ചർമ്മമുഴ തടയുന്നതിനുള്ള കുത്തിവയ്പ്പ് പഞ്ചായത്തിൽ തുടങ്ങി.
തിരുമേനിയിലും കോക്കടവിലുമാണ് മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചത്. 200 പശുക്കൾക്കുള്ള വാക്‌സിനാണ് സ്റ്റോക്കുള്ളത്. കൂടുതൽ വാക്‌സിൻ മറ്റ് ജില്ലകളിൽനിന്ന് എത്തിക്കാനാണ് ശ്രമിക്കുന്നത്.
ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ പി.സി.ബേസിൽ, ജോമോൻ ജോർജ് എന്നിവർ നേതൃത്വം നൽകി. പുറത്തറിയാൻ വൈകിയതാണ് രോഗം പടരാനിടയാക്കിയത്. കൂടുതൽ ജീവനക്കാരെവച്ച് പ്രതിരോധ കുത്തിവയ്പ് വേഗത്തിലാക്കണമെന്നാണ് ക്ഷീര കർഷകർ ആവശ്യപ്പെടുന്നത്.പകരുന്നത് ചെള്ളുകളിലൂടെ. ചെറുപുഴയിൽ ഒരു ഫാമിലെ ആറ് പശുക്കൾക്കാണ് ചർമ മുഴ ബാധിച്ചത്. വൈറസ് രോഗമായ ചർമമുഴ ഒന്നരവർഷം മുമ്പാണ് സംസ്ഥാനത്ത് കണ്ടുതുടങ്ങിയത്.
ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണവകുപ്പ്
ചർമമുഴ രോഗത്തിൽ ആശങ്കപ്പെടാനില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. രോഗം ബാധിച്ച പശുക്കൾക്ക് പാലുൽപ്പാദനം കുറയുമെന്നതൊഴിച്ചാൽ മാരകമായ പ്രശ്‌നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
മനുഷ്യരിലേക്കും ഇവ പകരില്ല. രോഗം ബാധിച്ച പശുക്കളുടെ പാൽ ഉപയോഗിക്കുന്നതിലും പ്രശ്‌നമില്ല. ചർമ്മത്തിലുണ്ടാകുന്ന മുഴകൾ വ്രണമാകുകയാണ് ചെയ്യുന്നത്. രണ്ടാഴ്ചക്കുള്ളിൽ രോഗം ഭേദമാകും. രോഗം റിപ്പോർട്ട് ചെയ്തതിന്റെ രണ്ടോ മൂന്നോ കിലോമീറ്റർ ചുറ്റളവിൽ പ്രതിരോധ വാക്‌സിൻ നൽകുന്നുണ്ട്.രോഗം പടരുന്നത് തടയാൻ നടപടിയെടുത്തതായി മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. ചെറുപുഴയിൽ രോഗം കണ്ടെത്തിയ ഫാമിലും അടുത്ത വീട്ടിലുമുള്ള പശുക്കളിൽനിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു.