ഇരിട്ടി: മണത്തണ ടൗണിൽ മലയോര ഹൈവേ ജംഗ്ഷന് എതിർവശം പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവും പുകയില ഉത്പന്നങ്ങളും വില്പന നടത്തുകയായിരുന്ന യുവാവിനെ പേരാവൂർ എക്‌സൈസ് പിടികൂടി. 'വെജ് 4 യു' എന്ന പച്ചകറിക്കടയുടെ ഉടമ മണത്തണ കോട്ടക്കുന്നിൽ ഷിജി ഭവനിൽ ഷാജി എസ്.ജി (40)യെ 255 ഗ്രാം കഞ്ചാവും 260 ഗ്രാം പുകയില ഉത്പന്നങ്ങളുമായി ബുധനാഴ്ച രാത്രി പത്തു മണിയോടെ പേരാവൂർ എക്‌സൈസ് സംഘം പിടികൂടി.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ചില്ലറ വില്പന നടത്തുന്നതിനായി ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് ഇയാളുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.പി സജീവനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ വിജേഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും ഹാൻസും കണ്ടെത്തിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസർ എം.പി സജീവൻ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) സി.എം ജയിംസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മജീദ് കെ.എ , ശിവദാസൻ പി.എസ് , എൻ.സി വിഷ്ണു, പി.ജി അഖിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.