
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന് വധഭീഷണിക്കത്ത്. മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലാണ് ഇന്നലെ ഉച്ചയോടെ സർവകലാശാല വിലാസത്തിൽ ലഭിച്ചത്. വി.സിയുടെ ശിരസ് ഛേദിച്ച് സർവകലാശാല ആസ്ഥാനത്ത് വെക്കുമെന്നാണ് കത്തിലെ ഭീഷണി. മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ഭീഷണി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രീയ വർഗീസിന് അസോ. പ്രോഫ. നിയമനം നൽകാനുള്ള നീക്കത്തിനെതിരെയും കത്തിൽ പരാമർശമുണ്ട്. വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടുപോയാൽ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും സൂചിപ്പിക്കുന്നു.
കാലാവധി പൂർത്തിയായ വി.സിയ്ക്ക് പുനർനിയമനം നൽകിയതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കത്ത് ഗൗരവത്തോടെയാണ് പൊലീസ് നോക്കികാണുന്നത്. കണ്ണൂർ സിവിൽസ്റ്റേഷൻ പരിസരത്ത് നിന്നുള്ള തപാൽപ്പെട്ടിയിൽ നിന്നാണ് കത്ത് പോസ്റ്റുചെയ്തതെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.