പഴയങ്ങാടി: താവം റെയിൽവേ മേൽപ്പാലം അറ്റകുറ്റ പ്രവൃത്തി നടക്കുന്ന പ്രദേശം എം. വിജിൻ എം.എൽ.എ സന്ദർശിച്ചു. താവം റെയിൽവേ മേൽപ്പാലത്തിൽ റെയിൽവേ സ്ഥാപിച്ച എക്സ്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത് .പൊട്ടിയ ഭാഗം മുറിച്ച് മാറ്റി പുതിയത് സ്ഥാപിക്കും. ഈ പ്രവൃത്തി ഒരാഴ്ചക്കകം പൂർത്തിയാക്കും. പിന്നീട് ഇതിന് മുകളിൽ കോൺക്രീറ്റ് ചെയ്യും. കോൺക്രീറ്റ് പ്രവൃത്തി നടത്തി രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ വാഹന ഗതാഗതം അനുവദിക്കൂ . പ്രവൃത്തി പരമാവധി വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം വിജിൻ പറഞ്ഞു.