പാണത്തൂർ( കാസർകോട്): കല്ലപ്പള്ളിയിൽ നിന്നും റബ്ബർ മരത്തിന്റെ പകുതി ലോഡ് കയറ്റിയ ശേഷം പാണത്തൂരിൽ നിന്നും ബാക്കി ലോഡ് നിറയ്ക്കാൻ തൊഴിലാളികളെയും കയറ്റി പോകുന്നതിനിടയിലാണ് പരിയാരത്ത് ലോറി മറിഞ്ഞ്. ഓട്ടത്തിനിടയിൽ ബ്രെയ്ക്ക് പൊട്ടിയത് അറിഞ്ഞ ഡ്രൈവർ വിജയൻ അപകടത്തിൽ നിന്ന് രക്ഷപെടുത്താൻ പരിയാരത്തെ നാരായണന്റെ വീടിന് മുമ്പിൽ കൂട്ടിയിട്ട മണൽ കൂമ്പാരത്തിലേക്ക് ലോറി ഇടിച്ചുകയറ്റിയെങ്കിലും ലോറി നിന്നില്ല. മണലിന് മുകളിലേക്ക് വീണ് തൊട്ടടുത്തുള്ള ചാലിലേക്ക് തലകീഴായി മറിഞ്ഞ ലോറിക്കടിയിൽ നാലു തൊഴിലാളികളും പെട്ടുപോയി. ഡ്രൈവർ ഉൾപ്പെടെ നാല് പേർ പുറത്തേക്ക് ചാടിയതിനാൽ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
വിവാഹബസ് മറിഞ്ഞ് ഏഴുമരണം കഴിഞ്ഞ ജൂണിൽ
പരിയാരത്തിന് ദുരന്തത്തിന്റെ ആവർത്തനം
2020 ജൂണിലാണ് വിവാഹപാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴുപേർ മരിച്ച വൻദുരന്തത്തിന് ഈ പ്രദേശം സാക്ഷിയായത്. ഇന്നലെ ലോറി അപകടത്തിൽ പെട്ട സ്ഥലത്ത് നിന്ന് വേറും നൂറുമീറ്റർ മാറിയായിരുന്നു അന്നത്തെ ദുരന്തം.
കല്ലപ്പള്ളിക്കും പരിയാരത്തിനും ഇടയിലുള്ള ചെങ്കുത്തായ റോഡിൽ അപകടം നിത്യസംഭവമാണ്. ബസ് ദുരന്തം സംഭവിച്ചപ്പോൾ അപകടം കുറക്കുന്നതിനും റോഡിന്റെ വീതി കൂട്ടി കയറ്റം കുറക്കുന്നതിനും നടപടി എടുക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടന്നില്ല. അപകടസ്ഥലമെന്ന സിഗ്നൽ ബോർഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. മെക്കാഡം റോഡ് നിർമ്മാണം പാതിവഴിയിലുമാണ്.