കണ്ണൂർ: ഒരു വ്യാഴവട്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതികളിലൊന്നായ പഴശ്ശിക്ക് പുതുജീവൻ. കാടുമൂടിയും കൈയേറിയും നാശോന്മുഖമായി തുടങ്ങിയ പഴശ്ശികനാലിലൂടെ വീണ്ടും വെള്ളമെത്തിക്കുന്നതിന്റെ ട്രയൽ റൺ ജനുവരി നാലിന് നടക്കും.
2008ലാണ് കനാലിലൂടെ അവസാനം വെള്ളമൊഴുകിയത്. പത്തുശതമാനം മാത്രം ലക്ഷ്യം കൈവരിച്ച പദ്ധതി 1979ലാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് കനാലുകളുടെ പണി പൂർത്തിയായെങ്കിലും വെള്ളം ശേഖരിക്കാനോ വിതരണം ചെയ്യാനോ ഇനിയും കഴിഞ്ഞിട്ടില്ല. മണ്ണിൽ നിർമ്മിച്ച കനാലുകൾ പലതും പൂർണമായും ജീർണിച്ചു. രണ്ട് അണ്ടർ ടണലുകൾ തകർന്നു. പറശ്ശിനിക്കടവ്, മാഹി ഭാഗങ്ങളിലേക്കു വെള്ളമെത്തിക്കാൻ ഇനിയും നടപടിയായില്ല.
കൈയേറി, മണ്ണിട്ടുമൂടി
ഉപകനാലുകൾ മിക്കയിടത്തും വൻതോതിൽ കൈയേറ്റത്തിനിരയായി. പലഭാഗങ്ങളിലും മണ്ണിട്ടുമൂടി കെട്ടിടങ്ങളും മറ്റും നിർമ്മിച്ചിട്ടുണ്ട്. ഇതു കണ്ടുപിടിക്കുന്നതു മാത്രമാണ് ഇപ്പോൾ നടക്കുന്ന പ്രധാന ജോലി. പകൽ മുഴുവൻ കോടതി നടപടിക്രമങ്ങളിൽ കെട്ടിത്തിരിയുന്ന ഉദ്യോഗസ്ഥർക്ക് പദ്ധതിയുടെ കാര്യം നോക്കാനും നേരമില്ല. ഉപകനാലുകൾ എവിടെയൊക്കെയാണെന്നു പോലും നിശ്ചയമില്ലാത്ത സ്ഥിതിയാണ്. പ്രളയത്തെ തുടർന്നുണ്ടായ വിള്ളലിൽ കനാലിന് ആറു കോടിയുടെ നാശനഷ്ടവുമുണ്ടായി.
പഴശ്ശി പദ്ധതി
വളപട്ടണം പുഴയ്ക്ക് കുറുകെയാണ് പഴശ്ശി അണക്കെട്ട്. മട്ടന്നൂർ കുയിലൂരിൽ പുഴയിലെ ജലവിതാനം 16 മീറ്ററാക്കി ഉയർത്തി കുപ്പം പുഴയ്ക്കും മാഹി പുഴയ്ക്കും ഇടയിലുള്ള കൃഷിഭൂമിയിൽ വെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി തുടങ്ങിയത്.ഒരു പ്രധാന കനാലും മാഹി, എടക്കാട്, അഴീക്കൽ, കാട്ടാമ്പള്ളി, മൊറാഴ തുടങ്ങി അഞ്ച് ശാഖാ കനാലുകളും ഉൾപ്പെടുന്നു.16 റേഡിയൽ ഷട്ടറോടുകൂടിയ ബാരേജിന് 245 മീറ്റർ ഉയരമുണ്ട്. തളിപ്പറമ്പ്, തലശേരി, ഇരിട്ടി, കണ്ണൂർ താലൂക്കുകളിലായി 46.26 കിലോമീറ്റർ മെയിൻ കനാലും 75.419 മീറ്റർ ശാഖാ കനാലും 118.43 കിലോമീറ്റർ നീർചാലുമായി 404.40 കിലോമീറ്റർ നീളത്തിലാണ് പഴശ്ശി ജലസേചന പദ്ധതിയുടെ വിതരണശൃംഖല.
നാൾവഴികൾ
1957സാങ്കേതിക പഠനം
1961നിർമ്മാണം
1968 പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു
1979 ഭാഗികമായി കമ്മിഷൻ ചെയ്തു
പദ്ധതിയുടെ നേട്ടങ്ങൾ
പദ്ധതി വിജയകരമായാൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് എന്നീ വില്ലേജുകളിൽ 11525 ഹെക്ടർ പ്രദേശത്തെ കൃഷിഭൂമി ജലസേചന യോഗ്യമാകും. മുൻകാലങ്ങളിൽ മൂന്ന് ഡിവിഷൻ, അഞ്ച് സബ്ഡിവിഷൻ, 17 സെക്ഷൻ എന്നിങ്ങനെ ഓഫീസുകളുടെ സേവനം ലഭ്യമായിരുന്ന പഴശ്ശി പദ്ധതിക്ക് നിലവിൽ ഒരു ഡിവിഷൻ, ഒരു സബ് ഡിവിഷൻ, നാല് സെക്ഷൻ എന്നീ ഓഫീസുകളാണ് ഇപ്പോളുള്ളത്.
മലബാറിലെ കർഷകരുടെ സ്വപ്നപദ്ധതി പുനരുജ്ജീവിപ്പിക്കാൻ സർക്കാർ കൈക്കൊണ്ട നടപടികൾ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണ പ്രവൃത്തികൾ 95 ശതമാനവും പൂർത്തിയായി -സി.ഡി. സാബു,എക്സിക്യൂട്ടീവ് എൻജിനീയർ,പഴശ്ശി ജലസേചന പദ്ധതി