police

പയ്യന്നൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ്‌.ഐയുടെ മകൾ വ്യാജപീഡന പരാതി നൽകിയ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ.സേതുരാമൻ കണ്ണൂർ റൂറൽ എസ്.പി നവനീത് ശർമ്മയ്ക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകി. അന്വേഷണറിപ്പോർട്ട് കിട്ടിയാലുടൻ എസ്.ഐയ്ക്കെതിരെ ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഡി.ഐ.ജി പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് വ്യാജപീഡന പരാതിക്ക് പിന്നിലെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

വ്യാപാരിക്കെതിരെ എസ്‌.ഐയുടെ മകൾ നൽകിയ പരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു എസ്‌.ഐ പതിനാറുകാരിയായ സ്വന്തം മകളെക്കൊണ്ട് ഷമീം എന്നയാൾക്കെതിരെ പോക്‌സോ പരാതി നൽകിച്ചത്

അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തു;

കയറിപ്പിടിച്ചെന്ന് പരാതിയാക്കി

കഴിഞ്ഞ ആഗസ്റ്റ് പത്തൊമ്പതിനാണ് സംഭവം. പയ്യന്നൂർ പെരുമ്പയിലെ ബേക്കറിയിൽ കേക്ക് വാങ്ങിക്കാനായി എത്തിയ എസ്‌.ഐ തന്റെ കാർ അടുത്തുള്ള ടയർ സർവ്വീസ് കടയുടെ മുന്നിൽ നിർത്തിയിട്ടു.സർവ്വീസിനായി എത്തുന്ന മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതോടെ കാറ് നീക്കിയിടാൻ മാനേജർ ഷമീം ആവശ്യപ്പെട്ടു. പിറ്റേന്ന് വൈകുന്നേരം യൂണിഫോമിൽ ജീപ്പുമായി കടയിലെത്തിയ എസ്‌.ഐ കൊവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ വിരട്ടി.തുടർന്ന് എസ്‌.ഐക്കെതിരെ ഷമീം എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതോടെ എസ്‌.ഐയെ സ്ഥലം മാറ്റി. ഇതോടെ സ്വന്തം മകളെ കൊണ്ട് ഷമീമിനെതിരെ പീഡനപരാതി നൽകിച്ചു. കേക്ക് വാങ്ങാൻ താൻ ഇറങ്ങിയ സമയത്ത് കാറിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്നായിരുന്നു ആരോപണം. എസ്.പിക്ക് ഷമിം നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജ് കുമാർ അന്വേഷണം നടത്തിയതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി.