pinarayi
പിണറായി പാറപ്രം സമ്മേളന വാർഷിക സ്തൂപം

പിണറായി: കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പരസ്യപ്രവർത്തനം വിളംബരം ചെയ്ത പിണറായി പാറപ്രം സമ്മേളനത്തിന്റെ 82–ാം വാർഷികം സി.പി.എം, സി.പി.ഐ നേതൃത്വത്തിൽ ചേരിതിരിഞ്ഞ് നടക്കും. പി. കൃഷ്ണപിള്ള, ഇ.എം.എസ്, എൻ.സി ശേഖർ, കെ. ദാമോദരൻ എന്നിവർ ഒത്തുചേർന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഘടകം 1937ൽ കോഴിക്കോട്ടാണ് രൂപീകരിച്ചത്. രണ്ടു വർഷം പരസ്യപ്രവർത്തനം നടത്താനായില്ല. 1939 ഡിസംബർ അവസാനം പാറപ്രത്ത് 40 പേർ രഹസ്യമായി സമ്മേളിച്ചാണ് പരസ്യപ്രവർത്തനത്തിന് തീരുമാനിച്ചത്.

സി.പി.എം നേതൃത്വത്തിൽ ആഘോഷപരിപാടികൾ ഇന്ന് വൈകിട്ട് അഞ്ചിന് പിണറായി ആർ.സി അമല സ്‌കൂൾ കേന്ദ്രീകരിച്ച് ആരംഭിക്കും. പ്രകടനത്തിന് ശേഷം പൊതുസമ്മേളനം പാറപ്രത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ തുടങ്ങിയവർ സംസാരിക്കും.

പാർട്ടി രൂപീകരിച്ചതിന്റെ വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം സി.പി.ഐ നേതൃത്വത്തിൽ നാളെ വൈകിട്ട് നാലിന് പിണറായി പാറപ്രത്ത് സി.പി.ഐ. ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.എൻ. ചന്ദ്രൻ, അഡ്വ.പി. സന്തോഷ് കുമാർ, സി.പി.മുരളി,തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് സംഗീത ശിൽപം, കണ്ണൂർ ഷാഫി നയിക്കുന്ന ഗാനമേള എന്നീ കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടകസമിതി ചെയർമാൻ എ. പ്രഭാകരനും കൺവീനർ പലേരി മോഹനനും അറിയിച്ചു.