കണ്ണൂർ: മൺമറഞ്ഞ മഹാരഥന്മാർ, ചരിത്രം അടയാളപ്പെടുത്തിയ അപൂർവ്വമുഹൂർത്തങ്ങൾ, കാലത്തോളം പഴക്കമുള്ള കണ്ണൂരിന്റെ സംസ്കൃതികൾ, ഫോട്ടോകൾ, ചിത്രങ്ങൾ, ഭൂപടങ്ങൾ എന്നിവയിലൂടെ കണ്ണൂരിന്റെ ചരിത്ര വർത്തമാനങ്ങളിലെ ചില ഏടുകൾ അനാവരണം ചെയ്യുകയാണ് ബാലകൃഷ്ണൻ കൊയ്യാലിന്റെ 'ചിത്രം ചരിത്രം വർത്തമാനം' ഫോട്ടോ പ്രദർശനം.
പ്രദർശനത്തിൽ മ്യൂസിയങ്ങളിൽ നിന്നും വ്യക്തിഗതശേഖരങ്ങളിൽ നിന്നും മറ്റും ശേഖരിച്ച അപൂർവ്വം ഫോട്ടോകളും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇമേജുകളുടെ വ്യത്യസ്ത അടരുകളിൽ മറഞ്ഞു നിൽക്കുന്ന ചരിത്രവിസ്മയങ്ങളിലേക്കു നയിക്കുന്ന ദൃശ്യാനുഭവങ്ങളാണ് മിക്കതും.ഫോട്ടോ പ്രദർശനം, കളക്ടറേറ്റ് മൈതാനത്തിൽ നടക്കുന്ന കണ്ണൂർ ഫെസ്റ്റിന്റെ വേദിയിൽ ആരംഭിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം കേരളലളിതകലാ അക്കാഡമി വൈസ്ചെയർമാനും പ്രശസ്ത ചിത്രകാരനുമായ എബി എൻ ജോസഫ് നിർവ്വഹിച്ചു. രാവിലെ 10 മണി മുതൽ രാത്രി മണി വരെയാണ് സന്ദർശന സമയം. പ്രദർശനം ജനുവരി നാലിന് സമാപിക്കും.