തളിപ്പറമ്പ്: അമ്മാനപ്പാറ- പാച്ചേനി- തിരുവട്ടൂർ- തേറണ്ടി- ചപ്പാരപ്പടവ് റോഡ് യാഥാർത്ഥ്യത്തിലേക്ക്. മലയോരമേഖലയെയും പരിയാരം മെഡിക്കൽ കോളേജ്, തളിപ്പറമ്പ് നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിന് ടെണ്ടറുകൾ ക്ഷണിച്ചു.

കിഫ്ബിയുടെ സഹായത്തോടെ 46.52 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റോഡാണ് സാങ്കേതിക അനുമതി ലഭ്യമായതോടെ ടെണ്ടർ ചെയ്തത്. 14 കിലോമീറ്റർ നീളമുള്ള റോഡിൽ 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിംഗും ഇരുഭാഗങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ കോൺക്രീറ്റിംഗും ഉണ്ടാകും. ആവശ്യമായ സ്ഥലത്ത് കൾവേർട്ടും, ഡ്രൈനേജ് ഉൾപ്പെടെ ഉള്ള സംവിധാനവും പദ്ധതിയിൽ ഉണ്ട്. ജനുവരി 17 ആണ് ടെണ്ടറിൽ പങ്കെടുക്കാനുള്ള അവസാന തീയതി. 20 ന് ഓപ്പൺ ചെയ്യും. മന്ത്രി എം.വി. ഗോവിന്ദന്റെ ഇടപെടലിന്റെ ഭാഗമായാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി യാഥാർത്ഥ്യമായത്.