പയ്യന്നൂർ: എഫ്.സി.ഐ ഗോഡൗണിൽ നെറ്റ് വർക്ക് സംവിധാനം അടിക്കടി പണിമുടക്കുന്നത് റേഷൻ കടകളിലേക്കുള്ള ചരക്കുനീക്കത്തെ പ്രതിസന്ധിയിലാക്കുന്നു. ഇതോടെ എഫ്.സി.ഐ ഗോഡൗണിലെ തൊഴിൽ മാത്രം ആശ്രയിച്ചുകഴിയുന്ന 48 ഓളം സ്ഥിരം ലോറി ഉടമകളും ജീവനക്കാരും ബുദ്ധിമുട്ടിലായി. രാവിലെ 9 മണി മുതൽ ലോഡിനായി കാത്തുനിൽക്കുന്ന ലോറികളും ഡ്രൈവർമാരും മിക്ക ദിവസങ്ങളിലും വൈകുന്നേരം വരെ ഗോഡൗണിൽ കാത്തിരിക്കേണ്ടി വരികയും തൊഴിൽ ഇല്ലാതെ മടങ്ങേണ്ടിവരികയുമാണ്.
പല ദിവസങ്ങളിലും കയറ്റിയ ലോഡുകൾ സമയം വൈകുന്നതിനാൽ ഇറക്കി കിട്ടാതെ ഗോഡൗണുകളിലേക്കു തന്നെ തിരിച്ചുകൊണ്ടുവരേണ്ട ഗതികേടുമുണ്ട്. അടുത്ത ദിവസം ലോഡിറക്കുന്നതിനാൽ ഒരു ദിവസത്തെ തൊഴിൽ നഷ്ടപ്പെടും. ഇതുകൂടാതെ അർഹമായ ലോഡുകൾ എടുക്കാൻ കഴിയാതെ പുറമെ നിന്നും ലോറികൾ വിളിച്ചു ലോഡുകൾ എടുത്ത് അയക്കേണ്ട സ്ഥിതിവിശേഷമാണുള്ളതെന്നും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽപെട്ട അരി മാർച്ച് മാസം വരെ നീട്ടിയതിനാൽ ഉണ്ടാവുന്ന അധിക ജോലിയിലാണ് ഈ മേഖലയിലെ ലോറി ഉടമകളുടെയും തൊഴിലാളികളുടെയും പ്രതീക്ഷ. സെർവർ തകരാറുകാരണം ഇവർക്കെല്ലാം പലദിവസങ്ങളിലും തൊഴിൽ നഷ്ടപ്പെടുകയാണ്. മാസങ്ങളായി അനുഭവപ്പെടുന്ന സെർവർ തകരാറുകൾ പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് അസോസിയേഷൻ ടി.ഐ മധുസൂദനൻ എം.എൽ.എക്കും രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
നിവേദനത്തിലെ ആവശ്യങ്ങൾ
പാവങ്ങൾക്കുള്ള അരി തടസപ്പെടും
പൊതുജനങ്ങൾക്ക് ലഭിക്കേണ്ട റേഷൻ വിതരണം തടസപ്പെടാനും, കാലതാമസം നേരിടാനും വിഷയം ഇടവരുത്തുന്നുണ്ട്. കാലപ്പഴക്കം കൊണ്ട് ഗോഡൗണിലെ വേ ബ്രിഡ്ജ് ഇടക്കിടെ പണിമുടക്കുന്നതും പതിവാകുകയാണ്. പുതിയ വേ ബ്രിഡ്ജ് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും
തുടർ നടപടികൾ ഇതുവരെയും കൈക്കൊണ്ടിട്ടില്ല.
ഗോഡൗണിലെ ഉൾപ്പെടെയുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവും പരിഗണിക്കണം.
പയ്യന്നൂർ ഏരിയ ലോറി ഓപ്പറേറ്റഴ്സ് അസോ.
നേതാക്കളായ കെ. ബാലചന്ദ്രൻ, ടി. ചന്ദ്രൻ, യു. പത്മനാഭൻ