മാഹി: റവന്യൂ വകുപ്പ് പരാതി പരിഹാര സെല്ലിൽ പരാതി പ്രളയം. മാഹിയിൽ തമസമാക്കിയിട്ട് 20 വർഷം കഴിഞ്ഞവർക്കുപോലും ഒ.ബി.സി സർട്ടിഫിക്കറ്റ് നൽകുന്നതിന് കേരളത്തിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങിക്കണമെന്ന രീതി മാറ്റണം, ബി.പി.എൽ പരിധിക്ക് 75,000 രൂപ എന്നത് വർദ്ധിപ്പിക്കണം,
നല്ല ഒരു വീട് നിർമ്മിച്ചു എന്നതിന്റെ പേരിലും, വിദേശത്ത് ജോലിയുളളപ്പോൾ ഒരു വാഹനം വങ്ങിയതിന്റെ പേരിലും മാറ്റി നിർത്തരുത് തുടങ്ങി ആവശ്യങ്ങൾ നിരവധിയാണ്.
ചാലക്കര പളളൂർ പന്തക്കൽ വില്ലേജ് മൂലക്കടവ് മുതൽ ഫ്രഞ്ച് പെട്ടി പാലം വരെ നീണ്ടു കിടക്കുന്ന സ്ഥലമാണ്. ഇവിടെയുള്ള ജനങ്ങൾ സർട്ടിഫിക്കറ്റിനായി ഇടുങ്ങിയ മുറിയിൽ പ്രവർത്തിക്കുന്ന പള്ളൂർ വില്ലേജ് ഓഫീസിലാണ് എത്തേണ്ടത്. പലപ്പോഴും ഒരു ഉദ്യോഗസ്ഥൻ മാത്രമായതിനാൽ അധികൃതരും പൊതുജനവും ദുരിതമനുഭവിക്കയാണ്. ഇതിന് പരിഹാരം വേണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് നിലവിൽ 10% സംവരണം ഉണ്ട്. എന്നാൽ സാങ്കേതികത്വത്തിന്റെ പേരിൽ മാഹിയിൽ ഇത് അർഹതപ്പെട്ട പലർക്കും ലഭിക്കുന്നില്ല. റസിഡൻഷ്യൽ പ്ലോട്ടിനോടു ചേർന്ന് കിടക്കുന്ന സ്ഥലം കൃഷിയാവശ്യത്തിനായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ സർക്കാർ ഇതിനെ പ്ലോട്ട് എന്ന നിലയിലാണ് കാണുന്നത്. ജനശബ്ദം മാഹിക്ക് വേണ്ടി ടി.എം. സുധാകരൻ, ഇ.കെ. റഫീഖ്, ചാലക്കര പുരുഷു, ജസീമ മുസ്തഫ, ടി.എ.ലതീപ് എന്നിവരും, പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സോഷ്യൽ ആക്ഷൻ ഫോറം കൺവീനർ അഡ്വ. എ.പി.അശോകനും നിവേദനങ്ങൾ നൽകി.