pazhassi
പഴശ്ശി ഡാം ഗാർഡനിലെ സന്ദർശകത്തിരക്ക്

മട്ടന്നൂർ: ജില്ലാടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പഴശ്ശി ഡാം ഗാർഡനിൽ ശിശിരോത്സവത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളോടെ ജനത്തിരക്കേറുന്നു. ഡി.ടി.പി.സിയുടെ നേരിട്ടുള്ള ഇടപെടലിലാണ് ഗാർഡന് പുതുജീവൻ കൈവന്നത്.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ഒരു പരിധി വരെ നാടും നഗരവും മുക്തമായതിന് ശേഷം സംഘടിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികൾ ആസ്വദിക്കുന്നതിനും വിനോദത്തിനും നിരവധിപേരാണ് പഴശ്ശി ഡാം ഗാർഡനിലെത്തുന്നത്. വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി കലാസാംസ്കാരിക ആസ്വാദന കേന്ദ്രമെന്ന രൂപത്തിലും പഴശ്ശി ഡാം ഗാർഡനിലെ ആംഫി തിയ്യേറ്റർ ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞ ദിവസം നടന്ന താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകളും നിരവധി തവണ ദേശീയ അവാർഡുകൾ നേടിയ രാജേഷ് ചന്ദ്രയുടെ മാജിക്ക് ഷോയും സന്ദർശകരിൽ ആവേശം ജനിപ്പിച്ചു.

ശിശിരോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5 30ന് സനലും സംഘവും അവതരിപ്പിക്കുന്ന കോമഡി ഉത്സവം അരങ്ങേറും. 28ന് സംസ്ഥാന സ്കൂൾ യുവജനോത്സവ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും 29 ന് വിജേഷ് കോഴിക്കോടും സംഘവും അവതരിപ്പിക്കുന്ന മാജിക് ഡാൻസ് ആൻഡ് കരോക്കെ ഗാനമേളയും 30 ന് ന്യൂ വോയ്സ് കണ്ണൂർ ടീം അവതരിപ്പിക്കുന്ന ഗാനമേളയും 31ന് സിനിമ രംഗത്തെ കലാകാരന്മാർ അണിനിരക്കുന്ന ഇശൽ നിലാവും പുതുവത്സരദിനത്തിൽ ബിജു കിഷൻ ആൻ‌ഡ് കാവ്യ പന്തക്കൽ സംഘം അവതരിപ്പിക്കുന്ന റിഥമിക് ട്രാക്ക് മ്യൂസിക്കും 2 ന് പൊലിക ഗ്രൂപ്പിന്റെ ഫോക്ക് മേളയും ഗാർഡനിൽ അരങ്ങേറും.