naya
അലഞ്ഞുതിരിയുന്ന വളർത്തുനായ

പട്ടുവം: പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കുഞ്ഞിമതിലകം കവലയ്ക്കു കിഴക്ക് ചോരയൊലിക്കുന്ന വ്രണത്തോടെ അലഞ്ഞുതിരിയുന്ന വളർത്തുനായ നൊമ്പരക്കാഴ്ചയായി. ഇടത്തേക്കാലും വാലും ചേരുന്ന ഭാഗത്താണ് ദുർഗന്ധം വമിക്കുന്ന വ്രണം. അസുഖം ബാധിച്ചതോടെ ആരോ ഉപേക്ഷിച്ചുപോയതാണ്. നീണ്ട രോമങ്ങളുള്ള നായ ഹയറി ഹൗണ്ട് ഇനത്തിൽപ്പെട്ടതാണെന്നും ഇതിന് 50,000ത്തിന് മുകളിൽ വിലയുണ്ടെന്നും പറയുന്നുണ്ടെങ്കിലും ഇപ്പോൾ നായയുടെ സ്ഥിതി ഏറേ ദയനീയമാണ്.

രണ്ടുദിവസമായി പ്രദേശത്ത് നായ അലഞ്ഞുതിരിയുന്നുണ്ട്. വിശന്നുവലഞ്ഞ് പല വീടുകളിലേക്കും ഓടിക്കയറുന്ന ഇത് ഏറേ ഇണക്കവും കാട്ടുന്നു. കഴുത്തിൽ വിലയേറിയ പട്ടയും കെട്ടിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും അവരും ഇതിനെ സംരക്ഷിക്കാനുള്ള നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.