പാനൂർ: നെറ്റ് വർക്കില്ലാതെ ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികളോട് കരുണ കാട്ടാതെ അധികൃതർ. കൊളവല്ലൂർ പാത്തിക്കൽ നരിക്കോട് വാഴമലയിലാണ് ഒരു മൊബൈൽ ഫോൺ സേവന ദാതാക്കളുടെയും നെറ്റ് വർക്ക് ലഭിക്കാത്തത്. 250 ഓളം വിദ്യാർത്ഥികളാണ് ഇവിടെ ഓൺലൈൻ പഠനം നടത്താനാവാതെ പ്രതിസന്ധിയിലായിരുന്നത്. ഇതിൽ കൂടുതലും ആദിവാസി കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്. എങ്കിലും ട്രൈബൽ വകുപ്പിലും എം.എൽ.എ ഉൾപ്പെടെയുള്ളവർക്കും പരാതി നല്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.
ഓൺലൈൻ പഠനത്തിനായി നേരത്തെ മരത്തിൽ കയറിയ പിന്നാക്ക വിദ്യാർത്ഥിക്ക് വീണ് പരിക്കേറ്റ സംഭവം ഏറേ കോളിളക്കമുണ്ടാക്കുകയും നെറ്റ് വർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ ഇടപെടലുണ്ടാവുകയും ചെയ്തു. ആറളം, മുഴക്കുന്ന്, പേരാവൂർ, കേളകം, കൊട്ടിയൂർ, പായം, അയ്യങ്കുന്ന് പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ചേർന്ന പ്രദേശത്തെ നെറ്റ് വർക്ക് പ്രശ്നങ്ങൾ പരിഹരിക്കാനായി വി. ശിവദാസൻ എം.പിയുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തിയിട്ടും വാഴമല പ്രദേശത്ത് നെറ്റ് വർക്ക് ലഭിക്കുന്നില്ലെന്നാണ് പരാതിയുള്ളത്.
ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ അപകടങ്ങൾ പതിവാണ്. കൂടാതെ വന്യമൃഗങ്ങളുടെ ശല്യവുമുണ്ട്. അപകടങ്ങൾ സംഭവിക്കുമ്പോൾ പൊലീസിലോ ഫയർഫോഴ്സിലോ വിവരം അറിയിക്കാനും നെറ്റ് വർക്ക് പ്രശ്നം മൂലം സാധിക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാർക്ക്. രാത്രികാലങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ ബുദ്ധിമുട്ടുണ്ട്. അങ്കണവാടി, പോസ്റ്റ് ഓഫീസ്, ആരോഗ്യകേന്ദ്രം തുടങ്ങിയവ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.