കണ്ണൂർ: ഭരണസമിതിയുടെ കാലാവധി ഒരു വർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനത്തിനാകെ തന്നെ മാതൃകയാകുന്ന വികസന ക്ഷേമപ്രവർത്തനങ്ങളുടെ ഒരു വർഷമാണ് കണ്ണൂർ കോർപ്പറേഷനിൽ കടന്നു പോയതെന്ന് മേയർ അഡ്വ. ടി.ഒ മോഹനൻ. കൂട്ടായ പ്രവർത്തനങ്ങളിലൂടെ മഹാമാരിയുടെ പരിമിതികൾക്കിടയിലും മുന്നോട്ട് കുതിക്കാൻ സാധിച്ചു എന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാർഷിക പദ്ധതി തുക വിനിയോഗത്തിൽ കേരളത്തിലെ കോർപ്പറേഷനുകളിൽ ഒന്നാമതെത്തുന്നതിനൊപ്പം തൊഴിലുറപ്പ് പദ്ധതിയിൽ 2019-20 വർഷത്തിൽ 93.4 ശതമാനവും 2020-21 വർഷത്തിൽ 123 ശതമാനവും ചെലവഴിച്ച് സംസ്ഥാനത്ത് ഒന്നാമതെത്താനും കോർപ്പറേഷന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആദ്യത്തെ ജി.ഐ.എസ് അധിഷ്ഠിത കോർപ്പറേഷൻ ആയി കണ്ണൂരിനെ പ്രഖ്യാപിച്ചു.

പയ്യാമ്പലത്ത് ഒരു കോടി 25 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വാതകശ്മശാനം ഉദ്ഘാടനം ചെയ്തു.

90 ലക്ഷം രൂപ ചെലവഴിച്ച് കക്കാട് പുഴ നവീകരിച്ചു. കേരളത്തിൽ ആദ്യമായി ഹരിത കർമ്മ സേനയ്ക്ക് ഹെൽപ്‌ലൈൻ സംവിധാനം ഏർപ്പെടുത്തി. ഇതിലൂടെ ഹരിതകർമ്മ സേനാംഗങ്ങളെയും കൗൺസിലർമാരെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരേയും നേരിട്ട് ബന്ധപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ സാധിക്കുന്നുവെന്നും മേയർ അറിയിച്ചു.

കൊവിഡിനെ പിടിച്ചുകെട്ടി

കൊവിഡ് കാലത്ത് രോഗികളുടെ സൗജന്യ സേവനത്തിന് മൂന്ന് ആംബുലൻസുകൾ സജ്ജമാക്കി. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി കൊവിഡ് വാക്‌സിൻ നൽകുന്ന പദ്ധതി ആരംഭിച്ചു. കുറഞ്ഞ ചെലവിൽ നഗരത്തിലെത്തുന്നവർക്കും മറ്റും ഭക്ഷണം നൽകുന്നതിനായി കൂടുതൽ ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്നും മേയർ പറഞ്ഞു.

100ലധികം കാമറകൾ സ്ഥാപിക്കും

നഗരത്തിന്റെ സുരക്ഷിതത്വത്തിനും നഗരത്തെ മാലിന്യമാക്കുന്ന സാമൂഹ്യവിരുദ്ധർക്ക് ശിക്ഷ ഉറപ്പിക്കുന്നതിനും പ്രധാന കേന്ദ്രങ്ങളിൽ നൂറിലധികം കേന്ദ്രങ്ങളിൽ വയർലസ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം അവസാനഘട്ടത്തിലാണ്. നാല് വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇവിടെ കഫ്‌റ്റേരിയ, മുലയൂട്ട് കേന്ദ്രം, ആധുനിക സൗകര്യത്തോടെയുള്ള ശൗചാലയം എന്നിവ സജ്ജമാക്കും.