തളിപ്പറമ്പ്: ബാറ്ററി മോഷണ കേസിൽ രണ്ട് ആക്രി കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മന്നയിലെ എ. റഷീദ്, കണ്ണൂർ സൗത്ത് ബസാറിലെ മുരുകൻ എന്ന ബാലസുബ്രഹ്മണ്യൻ എന്നിവരെയാണ് എസ്.ഐ പി.സി. സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഡിസംബർ 10 ന് മാങ്ങാട്ടുപറമ്പ് എൻജിനീയറിംഗ് കോളേജിലെ സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിക്കുന്നതിനിടെ ഒന്നാം പ്രതി കാക്കാംചാൽ സ്വദേശി അബ്ദുറഹ്മാൻ പിടിയിലായിരുന്നു. അബ്ദുറഹ്മാനെ ചോദ്യം ചെയ്തപ്പോഴാണ് നൂറോളം സമാന മോഷണങ്ങളെക്കുറിച്ചും കൂട്ടാളിയായ നൗഫലിനെപ്പറ്റിയും പൊലീസിന് വിവരം ലഭിച്ചത്. പിന്നീട് 15 ന് കൂട്ടുപ്രതിയായ പുളിമ്പറമ്പ് സ്വദേശി നൗഫലിനെയും അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ആക്രി വ്യാപാരികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.