കണ്ണൂർ: കോർപറേഷൻ പരിധിയിലെ വിവിധ റോഡുകൾക്ക് കൗൺസിലറോടുപോലും ആലോചിക്കാതെ പല വ്യക്തികളും റെസിഡൻസ് അസോസിയേഷനുകളും സ്വന്തം ഇഷ്ടപ്രകാരം പേര് നൽകുന്നതിനെതിരെ നടപടിയെടുക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. കൗൺസിലറോടും കോർപറേഷൻ റവന്യു, എൻജിനീയറിംഗ് എന്നീ വിഭാഗത്തോട് ആലോചിച്ചാകണം റോഡുകൾക്ക് പേരുകൾ നൽകേണ്ടത്. എന്നാൽ കുടുംബപേരും വ്യക്തികളുടെ പേരും വ്യാപകമായി റോഡുകൾക്ക് നൽകുന്നുണ്ട്. ഇത് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ സൂചിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതുവരെ നൽകിയ പേരുകൾ മാറ്റുകയില്ല. എന്നാൽ ഇനി പുതുതായി പേര് നൽകുമ്പോൾ കോർപറേഷനെ നിർബന്ധമായും അറിയിക്കണം. അല്ലാത്ത പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു.
എടക്കാട് സോണിൽ ആറ്റടപ്പ ഡിവിഷനിലെ ഡയാലിസിസ് സെന്റർ റോട്ടറി ക്ലബ് ഓഫ് കാനനൂർ ഏറ്റെടുത്ത് നടത്തുന്നതിനെ കുറിച്ച് കൗൺസിലിൽ ചർച്ചയായി. കഴിഞ്ഞ വർഷം കൊവിഡ് രോഗികൾക്ക് ഡയാലിസിസിന് ആശ്വാസമായ ഇവിടം പൂട്ടിയിട്ട് മാസങ്ങളായി. ഡയാലിസിസ് ഉപകരണങ്ങളും നശിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോർപറേഷൻ നിശ്ചയിക്കുന്ന മാതൃകയിൽ ഏറ്റെടുത്ത് നടത്താൻ റോട്ടറി ക്ലബ് മുമ്പോട്ട് വന്നത്. തണൽ സ്‌നേഹവീടും ഈ ആവശ്യമുന്നയിച്ചിരുന്നു. ഈ മാസം 31ന് മുമ്പ് ഇത് ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുത്ത് ഡയാലിസിസ് സെന്റർ പ്രവർത്തനസജ്ജമാക്കുമെന്ന് മേയർ ഉറപ്പ് നൽകി.
മരണപ്പെട്ട പ്രമുഖ കോൺഗ്രസ് നേതാവും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസിന് അനുശോചനം രേഖപ്പെടുത്തിയാണ് കൗൺസിൽ ആരംഭിച്ചത്. കോർപറേഷൻ ഭരണസമിതി ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ചേർന്ന കൗൺസിൽ യോഗത്തിൽ മേയർ ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, സിയ്യാദ് തങ്ങൾ, പി. ഇന്ദിര ചിത്തിര ശശിധരൻ എന്നിവർ സംബന്ധിച്ചു.
ടേക്ക് എ ബ്രേക്ക് മാതൃകയിൽ ശൗചാലയങ്ങൾ
ടേക്ക് എ ബ്രേക്ക് മാതൃകയിൽ കോർപറേഷൻ പരിധിയിലും ശൗചാലയങ്ങൾ നിർമ്മിക്കാൻ തീരുമാനം. നിലവിൽ കണ്ണൂർ ഓഫീസേഴ്‌സ് ക്ലബ്ബിന് സമീപം ബങ്ക് മാതൃകയിൽ ശൗചാലയം നിർമ്മിക്കാൻ ഒരു കമ്പനി തയാറായിട്ടുണ്ട്. കൂടാതെ താഴെ ചൊവ്വ, സെൻട്രൽ ജയിലിന് മുൻവശം, മുണ്ടയാട് റോഡ് അശോക കമ്പനിക്ക് സമീപം, പയ്യാമ്പലം പാർക്ക് എന്നിവിടങ്ങളിലും ടേക്ക് എ മാതൃകയിൽ ശൗചാലയങ്ങൾ നിർമിക്കും.
ആസ്ഥാനമന്ദിരത്തിന് ഭരണാനുമതി
കോർപറേഷന്റെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി ആസ്ഥാനമന്ദിരത്തിന് ഭരണാനുമതി. 25.74 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. രണ്ടു വർഷത്തിനുള്ളിൽ പുതിയ ആസ്ഥാനമന്ദിരത്തിന്റെ പണി പൂർത്തിയാക്കാൻ സാധിക്കുമെന്ന് മേയർ പറഞ്ഞു.