കാസർകോട്: സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഈയ്യക്കട്ടി നൽകി സ്വർണവ്യാപാരിയിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. കാസർകോട് റെയിൽവെ സ്റ്റേഷന് പിറകുവശത്ത് താമസിക്കുന്ന ബി.എ സുനൈഫിനെ (32)യാണ് കാസർകോട് ജുഡീഷ്യൽ മജിസ്‌ടേട്ട് കോടതി റിമാൻഡ് ചെയ്തത്. ടൗൺ ഇൻസ്‌പെക്ടർ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുനൈഫിനെ അറസ്റ്റ് ചെയ്തത്.

2021 ഒക്ടോബർ 8 ന് പള്ളത്ത് താമസിക്കുന്ന സ്വർണ വ്യാപാരി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഗോരക് നാഥ് പാട്ടീലിനെയാണ് സ്വർണം പൂശിയ ഈയക്കട്ടി നൽകി സുനൈഫ് കബളിപ്പിച്ചത്. വിലയായി 19 ലക്ഷത്തി ആറായിരം രൂപ ഗോരക് നാഥ് പാട്ടീൽ സുനൈഫിന് നൽകി. സ്വർണത്തിന് പകരം ഈയ്യക്കട്ടിയാണ് തന്നതെന്ന് വ്യക്തമായ ഗോരക്നാഥ് നൽകിയ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും സുനൈഫ് ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞദിവസം നാട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് താമസസ്ഥലത്തെത്തി സുനൈഫിനെ അറസ്റ്റുചെയ്യുകയായിരുന്നു. സ്വർണ വ്യാപാരിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ യുവാവിന് പുറമെ കൂടുതൽ പേർക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.