കണ്ണൂർ: പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുകൂലമാണ് ഖാദി തുണിത്തരങ്ങളെന്നും എന്നാൽ വിപണിയിൽ അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന വ്യാജഖാദി തുണിത്തരങ്ങൾ തിരിച്ചറിയണമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഖാദിബോർഡിന്റെയും അംഗീകൃത സ്ഥാപനത്തിന്റെയും ഷോറൂമുകളിൽ നിന്നും തുണിത്തരങ്ങൾ വാങ്ങാൻ എല്ലാവരും ശ്രദ്ധിക്കണം. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ഖാദി ഷോറൂം തുറക്കും. ഖാദി സംരംഭങ്ങൾ വിപുലീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി ജനുവരി പത്തിന് എറണാകുളത്ത് സംസ്ഥാനതല ശിൽപശാല നടത്തും. കണ്ണൂരിൽ 14നും ശിൽപശാല നടക്കും. ഓൺലൈൻ വിൽപന ആരംഭിക്കുന്നതോടൊപ്പം വിദേശരാജ്യങ്ങളിലെ മലയാളികളെ ഉൾപ്പെടെ ഖാദി വസ്ത്രം ധരിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും പി. ജയരാജൻ പറഞ്ഞു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി, പ്രൊജക്ട് ഓഫീസർ ഐ.കെ. അജിത്കുമാർ, കെ.എം. ഷാജി, എ.കെ. പ്രകാശൻ എന്നിവരും പങ്കെടുത്തു.

ഖാദി വസ്ത്രത്തിലേക്ക്
കതിരൂർ സഹകരണ ബാങ്ക്

കണ്ണൂർ: കതിരൂർ സഹകരണ ബാങ്കിലെ നൂറിലധികം ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കും. സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതമേഖല–സഹകരണ വിഭാഗത്തിലെ ജീവനക്കാരും ആഴ്ചയിൽ ഒരുദിനം ഖാദി വസ്ത്രം ധരിക്കണമെന്ന സർക്കാർ തീരുമാനത്തെ പിന്തുണച്ചാണ് കതിരൂർബാങ്ക് മുന്നിട്ടിറങ്ങിയത്. കതിരൂർ ബാങ്കിനെ മാതൃകയാക്കി എല്ലാ സ്ഥാപനങ്ങളും ഖാദി വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പി. ജയരാജൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, സെക്രട്ടറി കെ. അശോകൻ എന്നിവർ ഖാദി വസ്ത്രം ജയരാജനിൽ നിന്നും ഏറ്റുവാങ്ങി.