കൂത്തുപറമ്പ്: നിറയെ യാത്രക്കാരുമായി പോകവെ ബസ്സിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. കൂത്തുപറമ്പ്- വേങ്ങാട് -കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന പി.സി ബസ്സിൽ നിന്നാണ് സർവ്വീസിനിടയിൽ വൻതോതിൽ പുകഉയർന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ കപ്പാറ ഇറക്കത്തിലാണ് സംഭവം. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ്സ് കപ്പാറയിലെത്തിയപ്പോൾ എഞ്ചിനിൽ നിന്നും പുക ഉയരുകയായിരുന്നു. പുക കണ്ട് യാത്രക്കാർ ബഹളം വച്ചതോടെ ഡ്രൈവർ ബസ് റോഡരുകിലേക്ക് മാറ്റി നിർത്തി യാത്രക്കാരെയെല്ലാം ബസ്സിൽ നിന്നും ഇറക്കി. വിവരമറിയിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് ഫയർഫോഴ്സ് എത്തിയാണ് പുക നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടയിൽ ബസ്സിന് തീ പിടിക്കുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. എഞ്ചിനിലെ പ്രശ്നമാണ് പുക ഉയരാൻ കാരണമായതെന്നാണ് കരുതുന്നത്. കൂത്തുപറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു. പിന്നീട് മെക്കാനിക്കെത്തിയാണ് എഞ്ചിനിലെ പ്രശ്നങ്ങൾ പരിഹരിച്ചത്.