കൂത്തുപറമ്പ്: പുസ്തക താളുകളിലൂടെ മാത്രം പരിചിതമായിട്ടുള്ള ഗണിത ശാസ്ത്രപ്രവർത്തനങ്ങൾക്ക് ദൃശ്യാവിഷ്കാരം നൽകുകയാണ് ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലെ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ. സ്കൂൾ കോംപൗണ്ടിൽ ബോധനോദ്യാനത്തോടനുബന്ധിച്ച് ഗണിതപാർക്ക് ഒരുക്കിയാണ് കണക്കിലെ കളികൾക്ക് ദൃശ്യതയേകുന്നത്.

കുട്ടികൾക്ക് ഇരിക്കാനും, ഉല്ലസിക്കാനും, പറ്റുന്നതോടൊപ്പം എളുപ്പത്തിൽ പഠിക്കാനും ഉപകരിക്കുന്ന തരത്തിലാണ് ഗണിത പാർക്കിന്റെ നിർമ്മാണം. സമചതുരം, വൃത്താകൃതി, ത്രികോണം, അളവുകോൽ, കോണുകൾ, ഭൂഗോളം ഉൾപ്പെടെയാണ് നിർമ്മിച്ചിട്ടുള്ളത്.

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് സ്കൂളിലെ ഗണിത പാർക്കുകളുടെ നിർമ്മാണം. രണ്ടു ബാച്ചുകളുടെ നിർമ്മാണ പ്രവർത്തനമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളതെന്ന് സ്ക്കൂൾ പി.ടി.എ പ്രസിഡന്റ് ചന്ദ്രൻ വട്ടോളി പറഞ്ഞു. ചെങ്കല്ല്, മെറ്റൽ, സിമന്റ് എന്നിവ ഉപയോഗിച്ചാണ് ഗണിത പാർക്ക് നിർമ്മിച്ചിട്ടുള്ളത്. മറ്റ് സ്ക്കൂളുകളിലെ കുട്ടികൾ, അംഗൻവാടി കുട്ടികൾ എന്നിവർക്ക് കൂടി പഠിക്കാൻ ഉപകരിക്കുന്ന തരത്തിലാണ് പാർക്ക് നിർമ്മിക്കുന്നതെന്ന് സ്കൂൾ വികസന സമിതി കൺവീനർ കെ.വി.ധർമ്മരാജനും പറഞ്ഞു.

അടുത്ത കാലത്ത് നിർമ്മാണം പൂർത്തിയാക്കിയ ചിറ്റാരിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിന്റെ ചുവരുകളിൽ ആർട്ട് ഗ്യാലറിയും ഒരുക്കുന്നുണ്ട്. തെയ്യങ്ങൾ, കഥകളി, മറ്റ് കേരളീയ കലാരൂപങ്ങൾ എന്നിവയാണ് ചുവരുകളിൽ ഇടം പിടിച്ചിട്ടുള്ളത്. ചിത്രകലാ അദ്ധ്യാപകനായ രമേശൻ പൂക്കാടിന്റെ നേതൃത്വത്തിലാണ് ആർട്ട് ഗ്യാലറി ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം ഏഴ് ബാച്ചുകളുടെ നേതൃത്വത്തിൽ സ്ക്കൂൾ കോംപൗണ്ടിൽ തണൽമരങ്ങൾ വച്ച് പിടിപ്പിച്ച് ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നിർമാണം പൂർത്തിയായ രണ്ട് ശില്പങ്ങൾ ഇതിനകം കുട്ടികൾക്ക് തുറന്നു കൊടുത്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീല ഉദ്ഘാടനം ചെയ്തു. അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ഏതാനും ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്.

ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലൊരുക്കിയ ഗണിത പാർക്ക്