നീലേശ്വരം: സംസ്ഥാനത്തുടനീളം ടൂറിസം വികസനം ചർച്ചയാകുമ്പോഴും നീലേശ്വരത്തെ അഴിത്തല ബീച്ചിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു.

വൈകുന്നേരങ്ങളിൽ ഉല്ലസിക്കാൻ തൃക്കരിപ്പൂർ മുതൽ കാഞ്ഞങ്ങാട് വരെയും കിഴക്കൻ മലയോരത്തുള്ളവർക്കും ഏറ്റവും അടുത്തുള്ള സ്ഥലമാണ് അഴിത്തല. വൈകീട്ട് ചൂണ്ടയിടാനും മറ്റും നിലവിൽ ധാരാളം ആളുകൾ വരുന്നുണ്ടെങ്കിലും ഇവർക്ക് പുലിമുട്ടിലൂടെ നടന്നുപോകാൻപോലും ഇവിടെ സൗകര്യമില്ല. നിലവിൽ ഭക്ഷണ ശാലകളൊന്നും ഇവിടെയില്ല. അധികൃതർ മനസുവെച്ചാൽ സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ലഘുഭക്ഷണശാലകളും ഒരുക്കാവുന്നതാണ്. പ്രദേശം നവീകരിച്ചാൽ ശംഖുമുഖത്തെ പോലെ വൈകുന്നേരങ്ങളിൽ പരിപാടികളും ഒരുക്കാം. ഉച്ചനേരങ്ങളിൽ കാറ്റാടി മരത്തിന്റെ തണലിൽ ആളുകൾ വിശ്രമിക്കാനെത്തുന്നുണ്ട്. പ്രീവെഡ്ഡിം​ഗ് ഷൂട്ടിംഗും നിലവിൽ ഇവിടെ നടക്കാറുണ്ട്.

സുരക്ഷാ സംവിധാനമൊന്നും ഇവിടെയില്ല. അപരിചതർക്ക് വഴികാട്ടാൻ അഴീത്തലയ്ക്ക് എവിടെയും ദിശാബോർഡുകളില്ല. വിവാഹ പാർട്ടികളൊക്കെ ഇവിടെ പ്രീവെഡ്ഡിം​ഗ് ഷൂട്ടിംഗിനായി എത്താറുണ്ട്.

വെളിച്ചം കാണാതെ പദ്ധതികൾ

നാട്ടുകാരുടെ സഹകരണത്തോടെ അക്വാ അഗ്രി ടൂറിസം പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാനായിട്ടില്ല. ഫുഡ്‌കോർട്ട്, നിലക്കടല കൃഷി, കുട്ടികൾക്ക് തടാകത്തിൽ കൊച്ചുബോട്ട്, പെഡൽ സൈക്കിൾ, മത്സ്യം വളർത്തൽ തുടങ്ങിയവയായിരുന്നു പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. നേരത്തെ നഗരസഭാ ബജറ്റിൽ അഴിത്തല വികസനത്തിനായി 15 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിരുന്നു. 18 ഏക്കർ സ്ഥലം കണ്ടെത്തി ബി.ആർ.ഡി.സിയുമായി ധാരണയുണ്ടാക്കി പദ്ധതി സമർപ്പിച്ചു. നിലവിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അഴിത്തല വികസനത്തിനായി കാസർകോട് പാക്കേജിൽ 4.85 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.