
കണ്ണൂർ: വനംവകുപ്പിലെ ഡ്രൈവർ തസ്കികയിൽ പാതിയിലും താൽക്കാലികക്കാർ തുടരുമ്പോഴും റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകാതെ ഉരുണ്ടുകളി തുടരുന്നു. നിരവധി തവണ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നിവേദനം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ധനവകുപ്പിന്റെ അംഗീകാരം വൈകുന്നതാണ് നിയമനം വൈകുന്നതിന് പിന്നിൽ. താൽക്കാലിക തസ്തികയുടെ ചെലവുകളും ബാദ്ധ്യതകളും കാണാതെയാണ് താൽക്കാലിക നിയമനം തുടരുന്നതെന്നാണ് റാങ്ക് പട്ടികയിലുള്ളവരുടെ ആവലാതി.
സ്ഥിരം ഡ്രൈവർ തസ്തിക അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രം ഡ്രൈവർ തിരഞ്ഞെടുക്കണമെന്ന് സർക്കാർ ഉത്തരവ് നിലവിലുണ്ട്.ഇതു മറികടന്നാണ് കരാറടിസ്ഥാനത്തിലും മറ്റും നിയമനം നടത്തുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു .വനംവകുപ്പ് 2014 ലെ ചട്ടം ഭേദഗതിയിലൂടെ ഡ്രൈവർ തസ്തിക സേനയുടെ ഭാഗമാക്കി മാറ്റിയതിനുശേഷം ഫോറസ്റ്റ് ഡ്രൈവർ തസ്തികയിലേക്ക് 2017ലാണ് ആദ്യമായി പി.എസ്.സി അപേക്ഷ ക്ഷണിച്ചത് .
പൊലീസ് സേനയുടെ സമാനമായ രീതിയിൽ വനംവകുപ്പ് ഡ്രൈവർ തസ്തിക സബോർഡിനേറ്റ് സർവ്വീസ് റൂൾസിൽ ഉൾപ്പെടുത്തിയിരുന്നു. ചട്ടം ലംഘിച്ചാണ് വനംവകുപ്പിൽ താൽക്കാലിക ജീവനക്കാർ തുടരുന്നത്-
ഫ്ളൈയിംഗ് സ്ക്വാഡിലും താൽക്കാലികക്കാർ
ഫോറസ്റ്റ് വിജിലൻസ് വിംഗിന്റെ സുപ്രധാനമായും അതീവ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതുമായ ഫ്‌ളൈയിംഗ് സ്ക്വാഡിലും ഡിവിഷനിലും മറ്റ് പ്രധാന ഓഫീസുകളിലും താൽക്കാലികഡ്രൈവർമാരാണുള്ളത്.
കണ്ണൂർ ജില്ലയിലെ ഫോറസ്റ്റ് രൂപീകരണഘട്ടം മുതലുള്ള കണ്ണവം റേഞ്ച് ഓഫീസിലും താൽക്കാലികാടിസ്ഥാനത്തിലാണ് ഡ്രൈവർമാരെ നിയമിക്കുന്നത്.മൂന്നു വർഷത്തെ പ്രവൃത്തിപരിചയം , ഒ.എം.ആർ പരീക്ഷ , കായികക്ഷമതാപരീക്ഷ , റോഡ് ടെസ്റ്റ് , ഡ്രൈവിംഗ് ടെസ്റ്റ് , വെരിഫിക്കേഷൻ തുടങ്ങിയ കടമ്പകൾ കടന്നാണ് പി .എസ്.സി യുടെ വനംവകുപ്പ് ഡ്രൈവർ റാങ്ക് പട്ടിക ഒരുക്കിയത്.
18 വാഹനങ്ങൾക്ക് 9 ഡൈവർമാർ
കണ്ണൂർ ജില്ലയിൽ 18 ഓളം വാഹനങ്ങൾ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും 9 വാഹനങ്ങൾക്ക് മാത്രമാണ് പി.എസ്.സി നിയമിച്ച ഡ്രൈവർമാർ ഉള്ളത് . ബാക്കി വാഹനങ്ങൾക്കെല്ലാം താൽക്കാലിക ഡ്രൈവർമാരാണ് . ജില്ലാ അടിസ്ഥാനത്തിൽ നടന്ന പരീക്ഷയിൽ പി. എസ് .സി യുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഏഴുപേർ മാത്രമാണ് റാങ്ക് പട്ടികയിലെത്തിയത് . ഇതിൽ മൂന്നു പേർക്ക് നിയമനം ലഭിച്ചു .ഇനി നാലുപേർ മാത്രമാണ് പട്ടികയിൽ ഉള്ളത്.
വനം വകുപ്പിൽ വാഹനങ്ങൾ- 587
സ്ഥിരം തസ്തിക- 259
താൽക്കാലികക്കാർ- 328
സ്കെയിൽ
19600- 43600
പി. എസ്. സി മുഖാന്തിരം നിയമനം നടത്തിവരുന്ന ഫോറസ്റ്റ് ഡ്രൈവർ തസ്തികയിൽ താത്ക്കാലിക വാച്ചർമാരായി നിയമനം നേടി പത്ത് അല്ലെങ്കിൽ ഇരുപത് വർഷം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥിര നിയമനം നൽകി ഇവരെ ഫോറസ്റ്റ് ഡ്രൈവർ തസ്തികയിൽ തുടരുവാൻ അനുവദിക്കുന്ന രീതി പുന:പരിശോധിക്കണം-
കെ. ആർ. പ്രതാപ്,പ്രസിഡന്റ്, കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ