kavumbayi
കാവുമ്പായി രക്തസാക്ഷി സ്മാരകം

ശ്രീകണ്ഠപുരം:കാവുമ്പായി രക്തസാക്ഷി ദിനത്തിന് ഇന്ന് 75വയസ്. രക്തസാക്ഷിത്വത്തിന്റെ വാർഷികദിനത്തിൽ രണധീരരുടെ ഓർമ പുതുക്കും. 75ാം വാർഷികത്തിന്റെ ഭാഗമായി 30 മുതൽ ഒരു വർഷം വിപുലമായ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

രക്തസാക്ഷിദിനമായ ഇന്ന് രാവിലെ ആറിന് സി.പി.എം ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി എം.സി രാഘവൻ കാവുമ്പായി സമരക്കുന്നിൽ പതാക ഉയർത്തും. വൈകിട്ട് നാലിന് കൂട്ടുംമുഖം പാലം കേന്ദ്രീകരിച്ച് നടക്കുന്ന പ്രകടനം ഐച്ചേരി രക്തസാക്ഷി നഗറിൽ സമാപിക്കും. പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ .പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം .വി ജയരാജൻ, സി.പി.ഐ അസി. ജനറൽ സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി പി .സന്തോഷ്‌കുമാർ, ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം തുടങ്ങിയവർ സംസാരിക്കും. രാത്രി എട്ടിന് സൗപർണിക കലാവേദി അത്താഴക്കുന്നിന്റെ 'നാട്ടരങ്ങ്' പാട്ടും അരങ്ങേറും.

സ്മരണകളിരമ്പുന്ന കാവുമ്പായിക്കുന്ന്

1946 ഡിസംബർ 30ന് പുലർച്ചെയാണ് കാവുമ്പായിയിലെ കുന്നിൻ മുകളിൽ സമരനേതാക്കൾക്ക് നേരെ കരക്കാട്ടിടം ജന്മിയുടെ നിർദേശ പ്രകാരം എം.എസ്.പിക്കാർ വെടിയുതിർത്തത്. കുന്നിൻ മുകളിൽ പലഭാഗത്തുണ്ടായ ഏറ്റുമുട്ടലിൽ തെങ്ങിൽ അപ്പനമ്പ്യാർ, പി കുമാരൻ, ആലോറമ്പൻകണ്ടി കൃഷ്ണൻ, പുളുക്കൂൽ കുഞ്ഞിരാമൻ, മഞ്ഞേരി ഗോവിന്ദൻ എന്നിവർ വെടിയേറ്റുവീണു. 148 ഓളം പേർക്ക് പരിക്കേറ്റു.