തളിപ്പറമ്പ്: താലൂക്കിലെ പട്ടയ-ഭൂപ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കണമെന്ന് മന്ത്രി എം.വി ഗോവിന്ദൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തളിപ്പറമ്പിലെ പട്ടയ -ഭൂ പ്രശ്നം സംബന്ധിച്ച അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മോറാഴ വില്ലേജിലെ ധർമ്മശാല, കുറുമാത്തൂർ വില്ലേജ്, പരിയാരം വില്ലേജ്, പന്നിയൂർ വില്ലേജ്, പട്ടുവം വില്ലേജ്, മലപ്പട്ടം തുടങ്ങിയ സ്ഥലങ്ങളിലെ പ്രശ്നങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പരിശോധിക്കുകയും , പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
പ്രശ്നം പരിഹരിക്കുന്നതിന് ആർ.ഡി.ഒ കൺവീനറായി നാലംഗ കർമ്മ സമിതിക്ക് യോഗം രൂപം നൽകി. ഡെപ്യൂട്ടി കളക്ടർ എൽ.ആർ, തഹസിൽദാർ എൽ.ആർ, തളിപ്പറമ്പ് തഹസിൽദാർ എന്നിവരടങ്ങുന്നതാണ് കർമ്മ സമിതി. സമിതി രണ്ടാഴ്ചയിൽ ഒരിക്കൽ യോഗം ചേർന്ന് പ്രശ്ന പരിഹാരം സംബന്ധിച്ച വിലയിരുത്തൽ നടത്തും. താലൂക്ക് സർവ്വേയർ മുമ്പാകെ കെട്ടിക്കിടക്കുന്ന അപേക്ഷകൾ മാർച്ച് 31 ന് മുമ്പായി തീർപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖരൻ, എ.ഡി.എം കെ.കെ ദിവാകരൻ, ആർ.ഡി.ഒ മേഴ്സി ഇ.പി, ഡെപ്യൂട്ടി കളക്ടർ എൽ.ആർ ശ്രുതി കെ.വി, തഹസിൽദാർ പി.കെ ഭാസ്കരൻ, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.