തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയുടെ വികസനത്തിന് തടസം നിൽക്കുന്ന പ്രശ്നങ്ങളിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയി പറഞ്ഞു. ആശുപത്രി സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകസ്വത്തായ തലശ്ശേരികോട്ട സമീപത്തായതിനാൽ ചില സാങ്കേതികതടസങ്ങൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ പുരാവസ്തു വകുപ്പ് അധികൃതരുമായി ചർച്ച നടത്തും. ലൈബ്രറി ഉൾപ്പെടെ ആശുപത്രിയിൽ സജ്ജീകരിച്ചത് വേറിട്ട കാര്യമാണ്. ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി നിർമ്മിച്ച ഓപ്പറേഷൻ തീയേറ്റർ, ഒ.പി കെട്ടിടം എന്നിവയും അദ്ദേഹം സന്ദർശിച്ചു. എ.എൻ ഷംസീർ എം.എൽ.എ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, സബ് കളക്ടർ അനുകുമാരി, നഗരസഭാ അദ്ധ്യക്ഷ കെ.എം ജമുനാറാണി, ഡോ. പീയുഷ് നമ്പൂതിരിപ്പാട്, ഡോ. ആശാദേവി, ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതലയുള്ള ഡോ: പ്രീത, ഡോ: വിജുമോൻ, ഡോ: അജിത്, ആർ.എം.ഒ ഡോ: ജിതിൻ, നഗരസഭാ വൈസ്ചെയർമാൻ വാഴയിൽ ശശി, എം.പി അരവിന്ദാക്ഷൻ, സി.കെ രമേശൻ, എം.പി സുമേഷ് എന്നിവർ സംബന്ധിച്ചു.