പിന്നാലെയുണ്ട് പൊലീസ്
കണ്ണൂർ: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ നാലുദിവസത്തെ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പുതുവർഷാഘോഷങ്ങളും ഒത്തുചേരലുകളും അതിരുവിട്ടാൽ പൊലീസ് പിടിവീഴും. ഷാർജയിൽനിന്നെത്തിയ മട്ടന്നൂർ സ്വദേശിനിക്ക് ചൊവ്വാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗികളുടെ എണ്ണം രണ്ടായിട്ടുണ്ട്. രാത്രി 10ന് ശേഷം കൂടിച്ചേരലുകളും കടകളുടെ പ്രവർത്തനവും അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകുന്നവർ സാക്ഷ്യപത്രം കരുതണമെന്ന് നിർദ്ദേശമുണ്ട്. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ബീച്ചുകൾ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് സന്ദർശകരാണ് എത്തിയിരുന്നത്. കൊവിഡ് കേസുകൾ കുറഞ്ഞതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിറയെ പേരാണ് എത്തുന്നത്.
പുതുവർഷ തലേന്ന് സാധാരണ രാത്രി 12 വരെ ബീച്ചുകളിൽ സന്ദർശകരുടെ ഒഴുക്കായിരിക്കും. പാലക്കയം തട്ടിൽ ഫീൽഡ് ഓഫ് ലൈറ്റ് ദൃശ്യാനുഭവം ആസ്വദിക്കാനായി രാത്രി 10 വരെ സന്ദർശകരെത്തുന്നുണ്ട്. പുതുവർഷത്തിൽ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമെങ്കിലും സമയത്തിന് നിയന്ത്രണമേർപ്പെടുത്തും. ഇത്തവണ ഡി.ടി.പി.സി നേതൃത്വത്തിൽ പുതുവർഷാഘോഷ പരിപാടികളൊന്നുമില്ല. ജനുവരി രണ്ടിന് തലശ്ശേരിയിൽ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഹെറിറ്റേജ് റൺ നടത്തും.
നിശാ പാർട്ടികളെ മറന്നേക്കൂ..
പുതുവർഷാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടപടികൾ ശക്തമാക്കി. പുതുവർഷത്തിൽ രാത്രി വൈകിയുള്ള ഡി.ജെ, നിശാ പാർട്ടികൾ പാടില്ലെന്ന് ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ പൊതുവെ ഡി.ജെ പാർട്ടികൾ അത്ര സജീവമല്ല. എങ്കിലും ചില ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഇത്തരം നിശാ പാർട്ടികൾ നടക്കാറുണ്ട്. രാത്രി 10ന് ശേഷം അടക്കാത്ത കടകൾക്കും അനാവശ്യ യാത്രകൾ നടത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും.
ഒമിക്രോൺ പശ്ചാത്തലത്തിൽ രാത്രി നിയന്ത്രണമേർപ്പെടുത്തിയതിനാൽ പൊലീസ് നടപടി കടുപ്പിക്കും. ആളുകൾ ഒത്തുകൂടുന്നിടങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും.
ആർ. ഇളങ്കോ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ
ബീച്ചുകളിലും മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലും രാത്രി 10ന് ശേഷം സന്ദർശകരെ അനുവദിക്കില്ല. ചാൽ ബീച്ചിലും പഴശ്ശി ഗാർഡനിലും നിലവിൽ നടക്കുന്ന വിവിധ മേളകളിലും രാത്രി വൈകി സന്ദർശകരെ അനുവദിക്കില്ല.
ജെ.കെ ജിജേഷ് കുമാർ,
ഡി.ടി.പി.സി സെക്രട്ടറി, കണ്ണൂർ