bh
അബൂബക്കർ സിദ്ദിഖ്‌ പൂട്ടുന്ന വില്പന കേന്ദ്രത്തിൽ

കാസർകോട്: പത്ര മാസിക വില്പനയിലൂടെ ചരിത്രം സൃഷ്ടിച്ച കാസർകോട് നഗരത്തിലെ സാംസ്കാരിക ഇടം ഓർമ്മയിലേക്ക്. 46 വർഷമായി കാസർകോട് നഗരത്തിൽ പത്രം വിതരണം നടത്തിവരുന്ന ചെമ്മനാട് കാമ്പനടുക്കിലെ ബി.എച്ച് അബൂബക്കർ സിദ്ദീഖാണ് ഇന്ന് തന്റെ പത്രവില്പനയിൽ നിന്നു

പടിയിറങ്ങുന്നത്.

പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിലാണ് നിലവിൽ അബൂബക്കർ സിദ്ദീഖ് സ്റ്റോർ പ്രവർത്തിക്കുന്നത്. 1975 ൽ പതിനഞ്ചാം വയസിൽ പഴയബസ് സ്റ്റാൻഡ് പരിസരത്ത് ഉന്തുവണ്ടിയിൽ പത്രവും മാസികകളും വിറ്റായിരുന്നു ഇദ്ദേഹത്തിന്റെ തുടക്കം. പിന്നീട് 200 രൂപ മാസവാടകയ്ക്കു ബസ് സ്റ്റാൻഡിനോടു ചേർന്ന് നഗരസഭ മുറി അനുവദിച്ചു. നിലവിലെ കട 25 വർഷം മുമ്പ് ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തനം തുടങ്ങുമ്പോൾ നഗരസഭ അനുവദിച്ചതാണ്. പിതൃസഹോദരൻ എം.എച്ച് സീതിയായിരുന്നു ഈ മേഖലയിലേക്കുള്ള വഴികാട്ടി. കേരള കൗമുദി ഉൾപ്പെടെയുള്ള മലയാള പത്ര മാസികകൾക്ക് പുറമെ കന്നഡ, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള പത്രങ്ങളും മാസികകളും വില്പനയ്ക്കായി അബൂബക്കർ സിദ്ദീഖിന്റെ പേരിൽ കാസർകോട്ട് എത്താറുണ്ടായിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും തിരുവനന്തപുരത്തുനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും സാഹിത്യ സാംസ്‌കാരിക പ്രവർത്തകരും കാസർകോട്ട് വണ്ടി ഇറങ്ങിയാൽ അന്നത്തെ പത്രവിശേഷം അറിയാൻ ആദ്യം എത്തുന്നത് ഈ കോർണർ വായന കേന്ദ്രത്തിലായിരുന്നു. എല്ലാദിവസവും രാവിലെയും വൈകുന്നേരവും കാസർകോട്ടെ സാംസ്‌കാരിക പ്രവർത്തകർ ഒത്തുചേരുന്ന കേന്ദ്രം കൂടിയായിരുന്നു ഈ പുസ്തകശാല. ആദ്യകാലത്ത് ഉത്തരേന്ത്യയിൽ നിന്നു ബിസിനസ് ആവശ്യാർഥം കാസർകോട്ട് എത്തിയിരുന്ന മാർവാഡികളും മറാഠികളും ഹിന്ദി പത്രം തേടി തന്റെ കടയിൽ എത്തിയിരുന്നതായി അബൂബക്കർ സിദ്ദീഖ് പറയുന്നു.

സിദ്ദിഖിന്റെ ഓർമ്മകളിൽ മായാതെ...

കണ്ണൂർ എഡിഷൻ തുടങ്ങുന്നതിനു മുമ്പ് മലയാള പത്രങ്ങൾ കോഴിക്കോട് നിന്നു വെസ്റ്റ്‌കോസ്റ്റ് ട്രെയിനിലാണു പുലർച്ചെ 4.30ന് കാസർകോട്ട് എത്തിയിരുന്നത്. പിതൃസഹോദരനൊപ്പം പുലർച്ചെ മൂന്നിന് തോണിയിൽ ചന്ദ്രഗിരി പുഴ കടന്ന് കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ എത്തിയാണു പത്രം എടുത്തിരുന്നത്. കോയമ്പത്തൂരിൽ നിന്ന് ഇതേ ട്രെയിനിലാണു പാലും എത്തിയിരുന്നതെന്ന് അറുപത്തിയൊന്നുകാരനായ അബൂബക്കർ സിദ്ദീഖ് ഓർക്കുന്നു. ദൃശ്യമാധ്യമങ്ങൾ സജീവമാകുന്നതിനുമുമ്പ് ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, എം.ജി.ആർ, സി.എച്ച് മുഹമ്മദ് കോയ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ തുടങ്ങിയ പ്രധാന നേതാക്കളുടെ മരണവാർത്തകളും മറ്റു സംഭവ വാർത്തകളുമടങ്ങിയ പത്രങ്ങൾ വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ മറക്കാനാവത്തതാണെന്ന് അബൂബക്കർ സിദ്ദീഖ് പറയുന്നു.