ഇരിട്ടി: തലശ്ശേരി – വളവുപാറ അന്തർസംസ്ഥാന പാതയിൽ സംസ്ഥാനാതിർത്തിയിൽ നിർമ്മാണം പൂർത്തിയായ കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഗതാഗതത്തിന് തുറന്നുകൊടുക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അടക്കമുള്ള മേഖലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന തലശ്ശേരി – വളവുപാറ 53 കിലോമീറ്റർ പാതയിൽ പുതുതായി നിർമ്മിക്കുന്ന ഏഴ് വലിയ പാലങ്ങളിൽ ഒന്നാണ് കൂട്ടുപുഴ പാലം. ബാക്കി അഞ്ചു പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്ത് കഴിഞ്ഞു. കൂട്ടുപുഴ പാലവും കൂടി തുറന്നുകൊടുക്കുന്നതോടെ ഈ പാതയിൽ ഇനി ശേഷിക്കുന്നത് എരഞ്ഞോളി പാലം മാത്രമാണ്. ഇതിന്റെയും പ്രവൃത്തി അവസാന ഘട്ടത്തിലാണ്.