തളിപ്പറമ്പ്: മോഷ്ടിച്ച സ്വർണവും പണവും തിരിച്ചുനൽകി മാപ്പുപറഞ്ഞ് മുങ്ങിനടന്ന മോഷ്ടാവ് ഒടുവിൽ അറസ്റ്റിലായി. അരിപ്പാമ്പ്രയിലെ വിവാദ മോഷ്ടാവ് പി.എം. മുഹമ്മദ് മുർഷിദിനെ (31)യാണ് പരിയാരം പൊലീസ് മേഷണക്കേസിൽ അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞ നവംബർ രണ്ടിനാണ് പരിയാരം പഞ്ചായത്തംഗം അഷറഫ് കൊട്ടോലയുടെ വീട്ടിൽ 1,91,500 രൂപയും നാലര പവൻ സർണാഭരണങ്ങളും 630 ഗ്രാം സ്വർണത്തരികളും മൂന്ന് കവറുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന കത്തിലാണ് താൻ മോഷ്ടിച്ച മുതലുകളാണെന്നും കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ ചെയ്തുപോയ തെറ്റാണ്, ഉടമസ്ഥർക്ക് തൊണ്ടിമുതലുകൾ വീതിച്ചുനല്കണമെന്നു പറഞ്ഞിരുന്നത്.
മോഷണ മുതൽ തിരിച്ചേൽപ്പിച്ചതോടെ കേസിൽ നിന്ന് രക്ഷപ്പെടുമെന്ന് കരുതിയ മുഹമ്മദ് മുർഷിദ് എന്നാൽ ഇതോടെ കുടുങ്ങുകയായിരുന്നു. പൊലീസ് കേസെടുത്ത് മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയി. മാസങ്ങളായി അരിപ്പാമ്പ്ര പ്രദേശത്ത് മോഷണം നടത്തിവന്ന ഇയാൾ ഒക്ടോബർ ഒന്നിനാണ് ഒരു മോഷണ ശ്രമത്തിനിടെ സി.സി ടി.വി കാമറയിൽ കുടുങ്ങിയത്. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെതുടർന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യംചെയ്തുവെങ്കിലും വിട്ടയക്കുകയായിരുന്നു. കൈയിലായിട്ടും പിടികൂടാനാവാതെ വന്നത് പൊലീസിനെതിരെയും വിമർശനത്തിനിടയാക്കി.
പിന്നീട്, 2018 ലെ പൂഴിക്കടത്ത് കേസിൽ പയ്യന്നൂർ കോടതിയിൽ ജാമ്യമെടുക്കാനെത്തിയപ്പോൾ പൊലീസ് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കോടതിയിൽ കീഴടങ്ങി റിമാൻഡിലായി. വ്യാഴാഴ്ച വൈകുന്നേരം ജാമ്യംകിട്ടി സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സ്ഥലത്തെത്തിയ പൊലീസ് മുർഷിദിനെ പിടികൂടിയത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച മുർഷിദിനെ ഇന്നലെ മോഷണം നടത്തിയ വീടുകളിലും തിരികെ നല്കാത്ത മോഷണ സ്വർണം വിൽപ്പന നടത്തിയ തളിപ്പറമ്പിലെ ജുവലറികളിലും തെളിവെടുപ്പിനായി കൊണ്ടുപോയി. പരിയാരം പൊലീസ് ഇൻസ്‌പെക്ടർ കെ.വി. ബാബു, എസ്.ഐ കെ.വി. സതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.