കോഴിക്കോട്: നാടൻ രുചിയറിഞ്ഞൊരു യാത്രയാണെങ്കിൽ കോഴിക്കോട് കോണോട്ടെ 'ചന്ദ്രേട്ടന്റെ ചായക്കട'യിൽ കയറണം. മൺചട്ടിയിൽ ചുട്ട നാടൻ കൈപ്പത്തിരിയും മീൻ പൊരിച്ചതും മസാലയും. കനലെരിയുന്ന വിറകടുപ്പിൽ പരുവമാകുന്ന ഈ കൈപ്പുണ്യം അറിയേണ്ടതു തന്നെയാണ്.
വീട്ടിൽ ഉണ്ടാക്കിക്കൊണ്ടിരുന്ന കൈപ്പത്തിരിയുടെ രുചി മറ്റുള്ളവരിലേക്കും എത്തിക്കാനായിരുന്നു ചന്ദ്രൻ (ചന്ദ്രേട്ടൻ) ചെലവൂർ തുറയൂർകാവിലേക്ക് തിരിയുന്ന റോഡരികിൽ ആദ്യം ചായക്കട തുടങ്ങുന്നത്. പത്തിരിയും പപ്പടവുമായിരുന്നു അന്നത്തെ സ്പെഷ്യൽ. അതിരാവിലെ ജോലിക്കു പോകുന്നവരായിരുന്നു സ്ഥിരം ഉപഭോക്താക്കൾ. പല നാടുകളിൽ നിന്നെത്തിയവർ പത്തിരി പെരുമ പറഞ്ഞുനടന്നതോടെ കടയിലെത്തുന്നവരും കൂടി. പപ്പടത്തിന് പകരം പത്തിരിയോടൊപ്പം പൊരിച്ച മീൻ വിളമ്പിയതോടെ ഹിറ്റായി. ആളുകൾ കൂടിയപ്പോൾ കടയിൽ സൗകര്യം പോരാതായി. അങ്ങനെ 21 വർഷം മുമ്പാണ് കോണോട്ടേക്ക് മാറുന്നത്.
അരിപ്പൊടിയിൽ തിളച്ച വെള്ളമൊഴിച്ച് കുഴച്ച മാവ് ഇലയിൽ കൈകൊണ്ട് പരത്തി മൺചട്ടിയിൽ ചുട്ടെടുക്കുന്ന പത്തിരിയും പൊരിച്ച മീനും കഴിക്കാൻ ഇന്ന് ചന്ദ്രേട്ടന്റെ കടയിൽ തിക്കും തിരക്കുമാണ്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ദിവസവും നൂറുകണക്കിന് ആളുകളാണ് ഈ രുചി തേടിയെത്തുന്നത്.
വെളുപ്പിന് ആറ് മണിയോടെ ആരംഭിക്കുന്ന കടയിൽ ഒരു ദിവസം 20 കിലോ അരിപ്പൊടിയാണ് കുഴയ്ക്കുന്നത്. മത്തി, ചെമ്പല്ലി, അയക്കൂറ, കേദർ, പപ്പൻസ്, അയല എന്നിവയോടൊപ്പം ചൂടുള്ള പത്തിരി മസാല ചേർത്ത് വിളമ്പും. കപ്പ പുഴുക്കും കോഴി അരിങ്ങാടും ചന്ദ്രേട്ടന്റെ മറ്റ് സ്പെഷ്യൽ ഐറ്റങ്ങളാണ്. ചായക്കടയോട് ചേർന്നുള്ള വീട്ടിൽ നിന്നാണ് പാചകം.
ഉച്ചയ്ക്ക് ചോറുണ്ടെങ്കിലും കൂടുതൽ പേർക്കും വേണ്ടത് കൈപ്പത്തിരീം പൊരിച്ച മീനും. ആളുകൾ കൂടിയതോടെ ഭാര്യ ഗീതയും മകനും സഹായത്തിനുണ്ട്. ഇടയ്ക്ക് സുഹൃത്തുക്കളും സഹായത്തിനെത്തും.
രണ്ടുപതിറ്റാണ്ടിന്റെ പഴക്കം പേറുന്ന ചായക്കടയ്ക്ക് കാര്യമായ ഒരു മാറ്റവും ചന്ദ്രേട്ടൻ വരുത്തിയിട്ടില്ല. ഓല മേഞ്ഞ മേൽക്കൂരയും മേശയും ബഞ്ചും ചാണകം മെഴുകിയ തറയും ഓല വാതിലുമൊക്കെ അതേപടിയുണ്ട് ഈ 'ചന്ദ്രേട്ടന്റെ ചായക്കട'യിൽ. 7ാം ക്ലാസ് വരെയേ പഠിപ്പുള്ളുവെങ്കിലും ആധുനിക കൃഷിരീതിയുമായി 65ാം വയസിൽ കൃഷി ഇടത്തിലും സജീവമാണ്.
'' കടയിലെത്തുന്നവർക്ക് സന്തോഷത്തോടെ ഭക്ഷണം വിളമ്പുമ്പോൾ മനസ് നിറയും. ആളുകൾ കൂടുതലായി എത്തുന്നതിനാൽ കടയിൽ ചെറിയ മിനുക്ക് പണികളൊക്കെ ചെയ്യണമെന്നുണ്ട് ''-ചന്ദ്രൻ