kunnamangalam-news

കുന്ദമംഗലം: വീട് നിർമ്മാണത്തിൽ നിന്ന് മരങ്ങൾ ക്രമേണ ഒഴിവാക്കാൻ തുടങ്ങിയതോടെ ഇരുട്ടിലാവുന്നത് പാരമ്പര്യമായി കൈമാറികിട്ടിയ മരപ്പണി മാത്രം കൈവശമുള്ള ആശാരിമാരാണ്. വർഷങ്ങൾക്ക് മുമ്പു വരെ ഒരു വീട് നിർമ്മിക്കുവാൻ മരവും പ്രധാനമായിരുന്നു. പറമ്പുകളിൽ നിൽക്കുന്ന കാതലുള്ള തേക്കോ പ്ലാവോ മുറിച്ച് കരുതിവെച്ചിരുന്ന കാലം. കട്ടിളയും ജനലും കഴുക്കോലും പട്ടികയും ഫർണീച്ചറുകളുമെല്ലാം മരംകൊണ്ടായിരുന്നു നിർമ്മിച്ചിരുന്നത്. വിശ്വകർമ്മസമുദായത്തിൽപ്പെട്ട ആശാരിവിഭാഗം മാത്രമായിരുന്നു മരപ്പണി ചെയ്തുപോന്നിരുന്നത്. മരപ്പണി പരിപാവനമായ ഒരു കുലത്തൊഴിലായി ഉപാസിച്ചുപോന്നവരായിരുന്നു അക്കൂട്ടർ. കാലം മാറി. കാർപെന്റർ എന്നത് ഒരുതൊഴിലിന്റെ പേരായതോടെ ജാതിമതഭേദമന്യേ മരപ്പണിഏടുക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു. 1980കൾക്ക് ശേഷം കേരളത്തിൽ മരത്തിന് പകരമായി സിമന്റും സ്റ്റീലും ഫൈബറും അലുമിനിയവുമെല്ലാം വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. അന്നാരംഭിച്ചതാണ് ഇക്കൂട്ടരുടെ പ്രയാസങ്ങളും. നല്ല ഗുണമേന്മയുള്ള മരത്തടികളുടെ ലഭ്യതക്കുറവും പുതിയ മെറ്റീരിയലുകളുടെ വരവിന് ആക്കംകൂട്ടി. അതോടെ വീടുനിർമ്മാണത്തിന് മരം ഒരു അവശ്യവസ്തുഅല്ലാതെയായി. വിവിധതരം മെഷീനുകൾ ഉപയോഗിച്ചാണ് ഇപ്പോഴത്തെ മരപ്പണികൾ മിക്കതും. അതുകൊണ്ട് തന്നെ അയൽസംസ്ഥാന തൊഴിലാളികളാണ് ഈ രംഗത്ത് വിലസുന്നത്. മരപ്പണി കുലത്തൊഴിലായി സ്വീകരിച്ച അനേകം തൊഴിലാളികൾ ഇന്ന്കടുത്ത തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുകയാണ്. ഈ രംഗത്ത് സാങ്കേതിക പരിജ്ഞാനമുള്ള ചുരുക്കം ചിലർ‌ മാത്രമാണ് വുഡ് വർക് ഷാപ്പുകൾ ആരംഭിച്ചത്. കൂടെ കൊവിഡും പ്രതിസന്ധി വർദ്ധിപ്പിച്ചു. ചിലർ മരപ്പണി പാടെ ഉപേക്ഷിച്ച് അലൂമിനിയം ഫ്രാബിക്കേഷനിലേക്കും അനുബന്ധതൊഴിലുകളിലേക്കും ചേക്കേറി. വീട് നി‌ർമ്മാണരംഗത്ത് പുത്തൻ മെറ്റീരിയലുകളും സാങ്കേതികത്വങ്ങളും ദിനംപ്രതി ഇറങ്ങികൊണ്ടിരിക്കയാണെങ്കിലും വീട് നിർമ്മാണം ഇപ്പോഴും മരംകൊണ്ട് മാത്രം മതിയെന്ന് ശഠിക്കുന്ന ചിലരെങ്കിലും നാട്ടിലുണ്ട്. മരപ്പണിക്കാർക്ക് ഇപ്പോഴുള്ള ഏക ആശ്വാസവും ഇക്കൂട്ടർ തന്നെ.

മരം സിമന്റ് അലുമിനിയം

കട്ടിള ( പ്ലാവ്) - 6000 - 900

ജനൽ - 16000 - 3100

പാളി- 3000- 1200