
വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ തുരുത്തിപ്പുറം മാഹി പുഴയോരത്ത് രാത്രികാലങ്ങളിൽ കോഴി മാലിന്യം തള്ളുന്നത് നാട്ടുകാർ പഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദും, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദും പുഴയോരം സന്ദർശിച്ചു. രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തെളിവ് സഹിതം പഞ്ചായത്തിൽ അറിയിക്കണമെന്ന് അറിയിച്ചു. പൊതു ജലാശയത്തിലോ ജലമാർഗമോ മാലിന്യം വലിച്ചെറിയുന്നത് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219 ടി വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ്. 10000/- രൂപ മുതൽ 25000/- രൂപ വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാം. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തിരുത്തി പുറത്ത് നിക്ഷേപിച്ച മാലിന്യങ്ങൾ പരിശോധന സമയത്ത് ജലാശയ പരിസരത്ത് കണ്ടില്ല. പുഴയിലൂടെ ഒഴുകിപ്പോയതാവാമെന്ന് കരുതുന്നു.