coconut

 പൊതുവിപണിയിൽ നിരക്ക് 31 രൂപ

 കഴിഞ്ഞ സീസണിൽ 42 രൂപ

കോഴിക്കോട്: കയറ്റുമതി നിലച്ചതിനു പുറമെ അമിതകൂലിയുടെ ബാദ്ധ്യത കൂടിയായതോടെ നാളികേര കർഷകർ കടുത്ത സാമ്പത്തികക്കുരുക്കിൽ.

ദിവസങ്ങൾ നീണ്ട കനത്ത മഴയിൽ തമിഴ്നാട്ടിലെ നാളികേര സംസ്‌കരണ കേന്ദ്രങ്ങളെല്ലാം അടച്ചതോടെ കേരളത്തിൽ നിന്നുള്ള നാളികേര കയറ്റുമതി നല്ലൊരു പങ്കും നിലയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ നാളികേര സംഭരണ കേന്ദ്രങ്ങളുടെ പ്രവർത്തനവും മുടങ്ങി. ഇവിടെ ഇടവിട്ടുള്ള മഴ തുടരുന്നതിനിടെ തേങ്ങ കൊപ്രയാക്കുന്ന ജോലിയും നിറുത്താൻ കർഷകർ നിർബന്ധിതരായി. പുകപ്പുരകളുടെയും ഡ്രയറുകളുടെയും ചെലവ് താങ്ങാനാവാത്തതിനാൽ പൊളിച്ച നാളികേരം തൂക്കിക്കൊടുക്കുകയാണ് പലരും.

കേരളത്തെ അപേക്ഷിച്ച് നാളികേര സംസ്‌കരണത്തിന് തമിഴ്നാട്ടിൽ ചെലവ് കുറവാണെന്നിരിക്കെ, ഇവിടെ നിന്ന് കയറ്റിക്കൊണ്ടുപോകുന്നത് പ്രകടമായി വർദ്ധിച്ചതായിരുന്നു. തമിഴ്നാട്ടിലെ സംസ്കരണ കേന്ദ്രങ്ങളിലെത്തിച്ച് എണ്ണയാക്കുകയാണ് ചെയ്യുന്നത്. പേമാരിയെ തുടർന്ന് ഇതു തീർത്തും നിലച്ചതോടെ സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതിയും നിന്നുപോവുകയായിരുന്നു. കയറ്റുമതി കുറഞ്ഞത് നാളികേര വില ഇടിയാൻ കാരണമായി. ഇപ്പോൾ പൊതുവിപണിയിൽ 31 രൂപയാണ് ഒരു കിലോ നാളികേരത്തിന് ലഭിക്കുന്നത് കഴിഞ്ഞ സീസണിൽ ഇത് 42 രൂപ വരെയെത്തിയതാണ്.

കാലം തെറ്റിയ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. തെങ്ങുകളുടെ കൂമ്പുചീയൽ, മണ്ഡരി, നീരൊലിപ്പ് രോഗങ്ങളും കൂടിയതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതിനൊപ്പം ഇരുട്ടടിയെന്നോണമാണ് നിലയ്ക്കാത്ത മഴ. നിവവിഷ ഒരു തേങ്ങയ്ക്ക് 11 മുതൽ 13 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. അതേസമയം, വിളവെടുപ്പിന് തൊഴിലാളികളെ സമയത്തിന് കിട്ടാത്ത സ്ഥിതിയുമുണ്ട്. ഒരു തെങ്ങിൽ കയറാൻ 35 രൂപയാണ് ശരാശരി കൂലി. നഗരത്തിൽ ചിലയിടങ്ങളിലെങ്കിലും ഇത് നൂറു രൂപ വരെയെത്തിയിരിക്കുകയാണ്. വിളവെടുപ്പിന് തൊഴിലാളികളെ ലഭ്യമാക്കാൻ സ്വാഭിമാൻ പദ്ധതിയ്ക്കു കീഴിൽ പ്രത്യേക സെല്ലുകൾ രൂപീകരിച്ചിരുന്നെങ്കിലും ഇവയെല്ലാം നിർജീവമായി കിടക്കുകയാണെന്നു കർഷകർ പറയുന്നു.

''വിളവെടുക്കുമ്പോൾ 20 ശതമാനത്തിലധികം കൂലിയായി നൽകേണ്ടി വരികയാണ്. അനുകൂല കാലാവസ്ഥയല്ലാത്തതിനാൽ ഉത്പാദനവും നന്നേ കുറഞ്ഞിട്ടുണ്ട്.

പി.പ്രകാശൻ,

നാളികേര കർഷകൻ