
കൊയിലാണ്ടി: കാലവും കാഴ്ചപാടുകളും മാറുമ്പോഴും ചില ആളുകളുടെ ശാഠ്യംകൊണ്ട് നിറംമങ്ങുകയാണ് കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ കലാലയജീവിതം.
ഏറെ നാളായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി മിക്സഡാക്കണം എന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. പക്ഷെ സ്കൂൾ പി.ടി.എയുടെ കടുത്ത വിയോജിപ്പ് മിക്സഡാക്കുന്നതിന് തടസമായി.
സ്കൂൾ മിക്സഡ് ആക്കണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റിയും ആവശ്യം ഉയർത്തിയിട്ടുണ്ട്. ലിംഗസമത്വത്തെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചതോടെ നവ മാധ്യമങ്ങളിൽ അനുകൂലമായും പ്രതികൂലമായും അഭിപ്രായപ്രകടനങ്ങൾ സജീവമാണ്.
1997 - 1998 അദ്ധ്യയന വർഷത്തിൽ ഒരു പരീക്ഷണമെന്ന നിലയ്ക്ക് ഹയർ സെക്കൻഡറിയിൽ ഗേൾസ് സ്കൂളിൽ മുപ്പത് ആൺകുട്ടികൾക്ക് പ്രവേശനം നല്കിയിരുന്നു. എന്നാൽ സ്കൂൾ പി.ടി.എ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെ അടുത്ത വർഷം ആൺകുട്ടികൾക്ക് പ്രവേശനം കൊടുത്തില്ല.
2014-ൽ ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് ആയതോടെ
പൊതുസമൂഹത്തിൽ നിന്നും ശക്തമായ ആവശ്യം ഉയർന്നതിനെ തുടർന്ന് ചില അദ്ധ്യാപകർ സ്കൂൾ മിക്സഡ് ആക്കണമെന്നെ പ്രൊപ്പോസൽ സർക്കാരിന് നല്കുകയുണ്ടായി. അതിന്റെ ഭാഗമായി വടകര ഡി.ഇ.ഒ അനുകൂല റിപ്പോർട്ട് നാല് മാസങ്ങൾക്ക് മുമ്പ് ഡി.പിഐക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ തുടർ നടപടികളെ കുറിച്ചൊന്നും സ്കൂൾ പ്രിൻസിപ്പൽക്ക് അറിയില്ല.
5-ാം ക്ളാസ് മുതൽ 12-ാം ക്ലാസ് വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ടിവിടെ. ബോയ്സ് ഹൈസ്കൂൾ മിക്സഡ് ആക്കിയതോടെ ഹൈസ്കൂൾ വിഭാഗത്തിൽ മൊത്തം കുട്ടികളിൽ നാല്പത് ശതമാനം ഇപ്പോൾ പെൺകുട്ടികളാണ്. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ജില്ലയിലെ മികച്ച വിജയം ലഭിച്ചിട്ടും കുട്ടികൾ ഹൈസ്കൂൾ പ്രവേശനത്തിന് മിക്സഡ് സ്കൂളിലേക്കാണ് പോകുന്നതെന്ന് അദ്ധ്യാപകരും പറയുന്നു.
1997 - 1998 ലെ ആദ്യത്തേതും അവസാനത്തേതുമായ മിക്സഡ് ബാച്ചിലെ ചില ആൺകുട്ടികൾ ഇന്ന് ഇവിടുത്തെ അദ്ധ്യാപകരായുണ്ട്. ആ ബാച്ചിലെ വിദ്യാർത്ഥികളുടെ കൂടിച്ചേരലുകളിൽ തങ്ങൾക്ക് ലഭിച്ച സൗഭാഗ്യം പിൻതലമുറയ്ക്കു കിട്ടാതെ പോയതിൽ പരിഭവപ്പെടാറുണ്ടെന്നും ചിലർ പറഞ്ഞു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് അടുത്ത അദ്ധ്യയന വർഷത്തിലെങ്കിലും ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് സ്കൂളായി മാറ്റാൻ സ്കൂളിന്റെ ഭാഗത്ത് നിന്ന് സജീവമായ ഇടപെടൽ ഉണ്ടാകണമെന്നാണ് വിദ്യാഭ്യാസ പ്രവർത്തകർ ആവശ്യപ്പെടുന്നത്.
സ്കൂളിന്റെ അച്ചടക്കം ഉന്നയിച്ചാണ് പി.ടി.എ അക്കാലത്ത് മിക്സഡ് ആക്കുന്നതിനെ എതിർത്തതെന്ന് പറയുന്നു. എന്നാൽ ബോയ്സ് മിക്സഡ് ആക്കിയതിന് ശേഷം അവിടെ അസാധാരണമായ ഒരു അച്ചടക്ക പ്രശ്‌നവും ഉണ്ടായിട്ടില്ല. പി.വി.രാജു വിദ്യാഭ്യാസ പ്രവർത്തകൻ, ഗേൾസിലെ പൂർവ്വ അദ്ധ്യാപകൻ
കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ് കഴിഞ്ഞ നഗരസഭ ഗേൾസിനെ മിക്സഡ് ആക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് അഡ്വ. കെ സത്യൻ, നഗരസഭാ വൈസ്ചെയർമാൻ