മേപ്പാടി: ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്കെതിരെ തുരങ്കപാതവിരുദ്ധ സമിതി മേപ്പാടിയിൽ ഒപ്പ് ശേഖരണം നടത്തികൊണ്ട് നാളെ സമരം ആരംഭിക്കും.
ചെമ്പ്രമല, വെള്ളരിമല, തൊള്ളായിരംകണ്ടി, വാവുൽമല തുടങ്ങിയ മലഞ്ചെരിവുകളെ തുരന്നു നിർമ്മിക്കുന്ന 8.5 കി.മീ. നീളംവരുന്ന തുരങ്കപ്പാത വയനാടിന്റെ കാലാവസ്ഥയ്ക്ക് തുരങ്കം വയ്ക്കുക മാത്രമാണ് ചെയ്യുകയെന്ന് സമിതി ആരോപിച്ചു.

കിലോമീറ്ററിന് 95 കോടി രൂപ ചെലവ് കണക്കാക്കുന്ന തുരങ്കപ്പാത നിർമ്മാണവുമായി മുന്നോട്ട് പോകാനുള്ള ഏകപക്ഷീയ തീരുമാനത്തിലാണ് സംസ്ഥാന ഗവൺമെന്റ്.

ഈ പ്രദേശങ്ങളിൽ നടക്കുന്ന ചെറിയ ഇടപെടൽ പോലും വലിയ ദുരന്തത്തെ വിളിച്ചു വരുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്ക് സമർപ്പിച്ച അപേക്ഷയിൽ പറയുന്ന പല കാര്യങ്ങളും ക്രമവിരുദ്ധവും ആവശ്യമായ പഠനങ്ങൾ നടത്താതെയുമാണ്.

മൊത്തം 53 ഹെക്ടറോളം ഭൂമി ആവശ്യമായ പദ്ധതിയിൽ 34.31 ഹെക്ടറും വനഭൂമിയും അതിൽത്തന്നെ 19.24 ഹെക്ടർ വനഭൂമി അതീവ പരിസ്ഥിതി ലോല മേഖലയുമാണ്.

വെറും 203 പേരുടെ സ്ഥിരം തൊഴിലവസരവും 407 താൽക്കാലിക തൊഴിൽ ദിനങ്ങളും മാത്രമാണ് ഇതുവഴി ലഭിക്കുകയെന്ന് സമിതി ചൂണ്ടിക്കാട്ടി.