tree

മുക്കം: മരം ലേലത്തിൽ പങ്കെടുക്കാനെത്തിയവരെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും മരം തുച്ഛവിലയ്ക്ക് ഒരുസംഘം തട്ടിയെടുത്തതായി പരാതി. ഡിമാൻഡ് ഡ്രാഫ്റ്റ് (ഡി.ഡി) അടക്കമുള്ള രേഖകൾ പിടിച്ചുവാങ്ങി തിരിച്ചയച്ചതായും പറയുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്തിയ പകൽകൊള്ളയിൽ സർക്കാരിന് ഒരു കോടി രൂപയെങ്കിലും നഷ്ടമായെന്നാണ് പരാതിയിലുളളത്. കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിലെ ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെയുള്ള ഭാഗത്തെ മരങ്ങളുടെ ലേലം ഇക്കഴിഞ്ഞ 25നാണ് മുക്കത്ത് നടന്നത്. 29 റീച്ചുകളിലായി ഒന്നര കോടി രൂപയുടെ മരങ്ങളാണ് ലേലം ചെയ്തത്. നാല് ഡിഡിയുമായി ലേലത്തിൽ പങ്കുകൊള്ളാൻ പോയ കൊടിയത്തൂർ തറമ്മൽ ഷാഹിദിന് സംഘത്തിന്റെ ഭീഷണിയും മർദ്ദനവുമേറ്റ് മടങ്ങേണ്ടി വന്നെന്ന് പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ലേലത്തിലെ തിരിമറി അന്വേഷിക്കണമെന്നും ലേലം റദ്ദുചെയ്ത് പൊലീസ് സംരക്ഷണയിൽ പുനർലേലം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രിക്ക് നൽകിയ പരാതിയിലെ ആവശ്യപ്പെട്ടു.