മാനന്തവാടി: പേരിയ ടൗണിലും മറ്റ് സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വിദ്യാത്ഥികളടക്കമുള്ള നാട്ടുകാർക്ക് ദുരിതമാകുന്നു.

പേര്യ ടൗൺ മുതൽ താഴെ പേര്യ 34,35 തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുനായ്ക്കൾ അലഞ്ഞു നടക്കുന്നത് ജനങ്ങൾക്ക് ഭീഷണിയായി. രാത്രികാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലൂടെ യാത്ര ചെയ്യുന്ന വിദ്യാത്ഥികളും നാട്ടുകാരുമാണ് നായ്ക്കളുടെ ഭീഷണി കൂടുതൽ നേരിടുന്നത്. രാത്രി ടൗണിലൂടെ നായ്ക്കളെ പേടിച്ചാണ് ആളുകൾ നടക്കുന്നത്. ഇരുചക്രവാഹനങ്ങളുടെ പുറകെ നായ്ക്കൾ ഓടുന്നതും അവ വാഹനങ്ങൾക്ക് മുൻപിൽ ചാടുന്നതും പതിവാണ്. തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.