
രാമനാട്ടുകര: സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി രാമനാട്ടുകര അങ്ങാടിയിൽ ട്രാഫിക് പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത പരിശോധന നടന്നു. ഇന്നലെ രാവിലെ അങ്ങാടിയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ പേ പാർക്കിംഗ് അടക്കമുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള നിർദ്ദേശങ്ങളാണ് ഉണ്ടായതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
പരിഷ്ക്കാരങ്ങൾ കുറ്റമറ്റ രീതിയിൽ എല്ലാവർക്കും സ്വീകാര്യമായി നടപ്പാക്കാനാണ് ധാരണ. ഇതിന്റെ ഭാഗമായി രാമനാട്ടുകരയിലെ അഞ്ചു ഓട്ടോ സ്റ്റാൻഡ്, ഒരു ടാക്സി സ്റ്റാൻഡ്, ഒരു ഗുഡ്സ് ഓട്ടോ സ്റ്റാൻഡ്, നിസാൻ സ്റ്റാൻഡ് എന്നിവ പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകി. രാമനാട്ടുകര ബസ് സ്റ്റാൻഡിനും, ചാലിയാർ കോംപ്ലക്‌സിനും മുന്നിലുള്ള വാഹന പാർക്കിംഗ് പേ പാർക്കിംഗ് സംവിധാനത്തിലേക്ക് മാറ്റുവാനും നിർദേശമുണ്ട്. പഴയ നളന്ദ ഹോസ്പ്പിറ്റലിനു മുന്നിലുള്ള പാസഞ്ചർ ഓട്ടോ നിലനിർത്തി ഗുഡ്സ് ഓട്ടോ സ്റ്റാൻഡ് അല്പം കിഴക്കോട്ട് മാറ്റുന്നതിനും പാറക്കടവ് റോഡ് വൺവേ ആക്കാനും നിർദേശമുണ്ട്.
എയർപോർട്ട് റോഡിലെ ഓട്ടോ പാർക്കിംഗ് മാറ്റുവാനും, ഫറോഖ് കോളേജ് ബസ്സ് കോളേജ് റോഡിൽ അല്പംമുന്നോട്ട് പുലരി സ്റ്റോറിന് മുന്നിലേക്ക് നിറുത്തി ആളുകളെ കയറ്റുവാനും ധാരണയായി. രാമനാട്ടുകര നഗരസഭാ ചെയർപേഴ്‌സൺ ബുഷറ റഫീഖ്, വൈസ് ചെയർമാൻ കെ സുരേഷ്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ്, കൗൺസിലർ കെ.ജയ്സൽ, സലിം രാമനാട്ടുകര, ജോ.സബ്ബ് ആർ.ടി.ഒ സാജു ബക്കർ, അസി.എം.വി.ഐ.ഡി.ശരത്, ഫറോക്ക് എസ്.ഐ ജെയ്‌സൺ, രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റ് എസ്.ഐ സി.കെ അരവിന്ദൻ എന്നിവരടങ്ങിയ സംഘമായിരുന്നു പരിശോധന നടത്തിയത്.