സുൽത്താൻ ബത്തേരി: കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസുകൾക്ക് തമിഴ്നാട്ടിലേക്ക് സർവ്വീസ് നടത്താൻ അനുവാദം ലഭിച്ചെങ്കിലും ബസിന്റെയും ജീവനക്കാരുടെയും കുറവ്കാരണം സർവ്വീസ് തുടങ്ങാനായില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ നിന്ന് ചുരമിറക്കികൊണ്ടുപോയ അന്തർ സംസ്ഥാന ബസുകൾ തിരിച്ചെത്താത്തതിനെ തുടർന്നാണ് സർവ്വീസ് ആരംഭിക്കാൻ കഴിയാത്തത്.
കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ തമിഴ്നാട് കേരളത്തിൽ നിന്നുള്ള ബസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തിവന്ന 23 ബസുകളാണ് ബത്തേരി ഡിപ്പോവിൽ കെ.എസ്.ആർ.ടി.സി അധികൃതർ കൊണ്ടുപോയത്. ഈ ബസുകൾ സംസ്ഥാനത്തെ മറ്റ് ഡിപ്പോകളിലും, ചാത്തന്നൂർ,എടപ്പാൾ റീജണൽ വർക്ക് ഷോപ്പുകളിലുമാണുള്ളത്. ബസുകൾ തിരിച്ചെത്തിയെങ്കിൽ മാത്രമെ സർവ്വീസ് പുനരാരംഭിക്കാൻ കഴിയുകയുള്ളു.
ബത്തേരിയിൽ നിന്ന് തമിഴ്നാട് വഴി സർവ്വീസ് നടത്തി വന്ന തൃശ്ശൂർ, പാലക്കാട്, പെരിന്തൽമണ്ണ സർവ്വീസുകൾക്ക് പുറമെ കോയമ്പത്തൂർ, ഗൂഡല്ലൂർ, അയ്യൻകൊല്ലി, ചേരമ്പാടി എന്നീ സർവ്വീസുകളാണ് നിർത്തിവെച്ചത്. തൃശൂർ, കോയമ്പത്തൂർ, ഗൂഡല്ലൂർ എന്നിവിടങ്ങളലേക്ക് രണ്ട് ബസുകളും അയ്യൻകൊല്ലിക്ക് 4 ബസും മറ്റ് റൂട്ടുകളിൽ ഓരോ ബസ് വീതവുമാണ് സർവ്വീസ് നടത്തിവന്നിരുന്നത്.
ഗൂഡല്ലൂർക്കുള്ള രണ്ട് ബസും കോയമ്പത്തൂർക്കുള്ള ഒരു ബസും ബത്തേരി ഡപ്പോവിലുള്ളതിനാൽ ഇന്ന് മുതൽ കാലത്ത് 5.35-ന് താളൂർ വഴി പുറപ്പെടുന്ന ഗൂഡല്ലൂർ ബസും പാട്ടവയൽ വഴി ഏഴ് മണിക്കുള്ള ഗൂഡല്ലൂർ ബസും സർവ്വീസ് നടത്തും. നാളെ കാലത്ത് 8 മണിക്ക് കോയമ്പത്തൂർ ബസും സർവ്വീസ് ആരംഭിക്കും. മറ്റ് ബസുകൾ എത്തുന്ന മുറയ്ക്ക് സർവ്വീസ് നടത്താൻ കഴിയുമെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്.
ജീവനക്കാരുടെ കുറവ് സർവ്വീസിനെ ബാധിക്കുന്നു
സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോവിൽ ജീവനക്കാരുടെ കുറവ് സർവ്വീസിനെ ബാധിക്കുന്നു. ഡ്രൈവർമാരുടെ കുറവാണ് സർവ്വീസിനെ ബാധിക്കുന്നത്. ഡ്രൈവർമാരില്ലാത്തതിനാൽ കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് സർവ്വീസ് പോയ തിരുവനന്തപുരം മിന്നലിൽ വെഹിക്കിൾ സൂപ്രവൈസറാണ് ഡ്രൈവറായി പോയത്. ഡ്രൈവർമാരുടെ കുറവ് പല പ്രധാന സർവ്വീസുകളെയും ബാധിച്ചു. പല ബസുകളും ഡ്രൈവർ കം കണ്ടക്ടർ സർവ്വീസാണ്. കണക്കിൽ മാത്രം ഡ്രൈവർ ഉണ്ടങ്കിലും സർവ്വീസ് നടത്താനാവശ്യമായ ഡ്രൈവർമാർ കാണുകയില്ല.