സുൽത്താൻ ബത്തേരി: നിലമ്പൂർ-ബത്തേരി -നഞ്ചൻകോട് റെയിൽപാതയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് റെയിൽവേ ആക്‌ഷൻ കമ്മറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരവും നിയമസഭ മാർച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികളും നടത്താൻ തീരുമാനിച്ചു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ വിളിച്ചുചേർത്ത നീലഗിരി വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മറ്റിയോഗത്തിലാണ് തീരുമാനം.
നിലമ്പൂർ-ബത്തേരി-നഞ്ചൻകോട് പാതയ്ക്ക് കേന്ദ്ര സർക്കാർ അനുമതി ലഭിക്കുകയും സംയുക്ത സംരംഭമായി നിർമ്മിക്കാൻ കേരള -കേന്ദ്ര സർക്കാരുകൾ കരാർ ഒപ്പിടുകയും ചെയ്ത ശേഷം റെയിൽപാതയുടെ പ്രവർത്തനം സംസ്ഥാന സർക്കാർ തന്നെ തടസപ്പെടുത്തുന്നതരത്തിൽ നീക്കം ഉണ്ടായ സാഹചര്യത്തിലാണ് തുടർനടപടികളെകുറിച്ച് ആലോചിക്കേണ്ടി വന്നതെന്ന് എം.എൽ.എ പറഞ്ഞു.
പാത ടണൽ വഴിയാണ് വനത്തിലൂടെ കടന്നുപോകുന്നതെങ്കിൽ സർവ്വേ നടപടികൾക്ക് എതിരല്ലെന്നും കേരള സർക്കാർ ബന്ധപ്പെട്ട ഏജൻസികൾ മുഖേന അപേക്ഷ നൽകിയാൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കേന്ദ്രത്തിന് സമർപ്പിക്കാമെന്നും കർണാടക സർക്കാർ രേഖാമൂലം അറിയിച്ചതാണ്. ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടായില്ലെന്ന് മാത്രമല്ല പാതയെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
യോഗത്തിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം, ആക്‌ഷൻ കമ്മറ്റി കൺവീനർ അഡ്വ.ടി.എം.റഷീദ്, പി.വൈ.മത്തായി, എം.എ.അസൈനാർ, ഡോ.ഇ.പി.മോഹൻദാസ്, ജേക്കബ്ബ് ബത്തേരി, സി.അബ്ദുൾ റസാഖ്, മോഹനൻ നവരംഗ്, ഇ.പി.മുഹമ്മദാലി, അബ്ദുൾ മനാഫ് എന്നിവർ സംസാരിച്ചു.