കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ജില്ലാതല എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. കോഴിക്കോട് ഐ.എം.എ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി എന്ന വിഷയത്തിൽ ഡോ.ഖദീജ മുംതാസ് സെമിനാർ നടത്തി. എച്ച്.ഐ.വി എയ്ഡ്‌സ്, സന്നദ്ധ രക്തദാനം എന്നീ വിഷയങ്ങൾ ആസ്പദമാക്കിയുള്ള സ്‌കിറ്റ് മത്സരത്തിൽ ജില്ലയിലെ വിവിധ കോളേജുകൾ പങ്കെടുത്തു. മത്സരത്തിൽ കോഴിക്കോട് നഴ്‌സിംഗ് കോളേജ് ഒന്നാം സ്ഥാനം നേടി.

ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ സെക്രട്ടറി ഡോ.ശങ്കർ മഹാദേവൻ എയ്ഡ്‌സ് ദിന സന്ദേശം നൽകി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.നവീൻ എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്രഫ് കാവിൽ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ അബ്ദുൽ ബാരി, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ലിൻസി എ.കെ, കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് ഡോ.കെ. ബിജു, ജില്ലാ ടിബി ഫോറം പ്രസിഡന്റ് ശശികുമാർ ചേളന്നൂർ, സെന്റ് സേവിയേഴ്‌സ് കോളേജ് പ്രിൻസിപ്പൾ പ്രൊ.വർഗീസ് മാത്യൂ, സി.എസ്.സി കെ.എൻ.പി പ്ലസ് കോർഡിനേറ്റർ ബോബി സാബു എന്നിവർ സംസാരിച്ചു. ജില്ലാ ടിബി എയ്ഡ്‌സ് നിയന്ത്രണ ഓഫീസർ ഡോ പി.പി പ്രമോദ്കുമാർ സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസർ ബേബി നാപ്പള്ളി നന്ദിയും പറഞ്ഞു.

ദിനാചരണത്തോടനുബന്ധിച്ച് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്ന് വാദ്യമേളങ്ങളോടെ ആരംഭിച്ച എയ്ഡ്‌സ് ദിനാ ബോധവത്ക്കരണ പൊതുറാലി ജില്ലാ വനിത ശിശുവികസന ഓഫീസർ അബ്ദുൽ ബാരി ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയിൽ ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ്, ജില്ലാ ടി.ബി ഓഫീസ്, ഐ.എം.എ, കേരള ബ്ലഡ് ഡൊണേഴ്‌സ് ഫോറം പ്രതിനിധികളും സ്‌കൂൾ കൗൺസിലർമാർ, നഴ്‌സിംഗ് വിദ്യാർത്ഥികൾ, കെ.എസ്.എ.സി എസ് യൂണിറ്റംഗങ്ങൾ വിവിധ സന്നദ്ധ സംഘടനകൾ അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.