gas

കോഴിക്കോട്: പലചരക്കിനൊപ്പം പാചകവാതക വിലയും കുതിച്ചുയർന്നതോടെ ഹോട്ടൽ വ്യവസായം അടച്ചുപൂട്ടലിന്റെ വക്കിൽ. വാണിജ്യ സിലിണ്ടറിന് 102 രൂപയാണ് ‌ ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് വില 2122 രൂപയായി. ഹോട്ടലുകൾ മാത്രമല്ല, കമ്മ്യൂണിറ്റി കിച്ചണുകൾ, സ്‌കൂളുകൾ, അഗതി മന്ദിരങ്ങൾ, കാന്റീനുകൾ, ആശുപത്രികൾ,​ സൗജന്യ ഭക്ഷണ വിതര കേന്ദ്രങ്ങൾ ഉൾപ്പെടെ അടിക്കടിയുളള വിലക്കയറ്റത്തിൽ ആശങ്കയിലാണ്.

പച്ചക്കറി, പലചരക്ക് സാധനങ്ങൾക്കെല്ലാം വില കുതിക്കുന്ന സാഹചര്യത്തിൽ ഭക്ഷണവില കൂട്ടാതെ എങ്ങനെ പിടിച്ചുനിൽക്കുമെന്നാണ് ഹോട്ടൽ വ്യവസായികൾ ചോദിക്കുന്നത്. ഒരു ദിവസത്തേക്ക് പച്ചക്കറി-പലവ്യഞ്ജനങ്ങൾ വാങ്ങാൻ 3000- 4000 രൂപയാണ് വരുന്ന മിനിമം ചെലവ്. ഇതിനുപുറമെ പാചകവാതക വിലയും ഉയർന്നതോടെ ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലാണ്.

നവംബർ ആദ്യം വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് വർദ്ധിപ്പിച്ചത്. അതോടെ സിലിണ്ടർ ഒന്നിന് 2020 രൂപയായി. കൃത്യം ഒരുമാസം തികയുമ്പോൾ വില വീണ്ടും കുത്തനെ കൂട്ടിയിരിക്കുകയാണ്. കൊവിഡിന്റെ അടച്ചിടലിൽ നഷ്ടം സഹിക്കാനാവാതെ 12000ത്തോളം ഹോട്ടലുകളാണ് സംസ്ഥാനത്ത് പൂട്ടിപ്പോയത്. തൊഴിലാളികൾ പലരും മറ്റ് വഴിക്ക് തിരിഞ്ഞതിനാൽ തുറന്ന ഹോട്ടലുകൾക്ക് തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയുമുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യത ഉണ്ടായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഹോട്ടൽ വ്യവസായികൾ പറയുന്നത്. ഭക്ഷണ വില വർദ്ധിപ്പിക്കാതെ ഒരുവിധത്തിലും മുന്നോട്ടുപോകാനാവില്ലെന്ന സ്ഥിതിയിലാണിവർ.

 വാണിജ്യ സിലിണ്ടർ വില

ആഗസ്റ്റ് : 1644

സെപ്തംബർ :1738

നവംബർ - 2020

ഡിസംബർ- 2122

അടച്ചുപൂട്ടൽ ഭീഷണിയിലാണ് ഹോട്ടൽ മേഖല. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ളവയ്ക്ക് വില കൂടിക്കൊണ്ടിരിക്കുകയാണ്. ചെലവ് കുത്തനെ കൂടിയിട്ടും വരുമാനം കൂടുന്നില്ല. നഷ്ടകച്ചവടവുമായി മുന്നോട്ടു പോകാൻ കഴിയാത്തതിനാൽ പല പ്രമുഖ ഹോട്ടലുകളും പൂട്ടിക്കൊണ്ടിരിക്കുകയാണ് ''- എൻ. സുഗുണൻ, ജില്ലാ പ്രസിഡന്റ്,​ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ.