കോഴിക്കോട്: കോസ്മറ്റോളജി കോഴ്സിന്റ പേരിൽ ലക്ഷങ്ങൾ തട്ടിയെന്നു ആരോപിച്ച് നടക്കാവിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഓഫീസ് വിദ്യാർത്ഥിനികൾ ഉപരോധിച്ചു.

രണ്ട് മാസം മുതൽ ഒരു വർഷം വരെയുള്ള കോഴ്സുകൾ രണ്ടര വർഷമായിട്ടും പൂർത്തിയായില്ലെന്നു വിദ്യാർത്ഥിനികൾ പറയുന്നു. രണ്ട് ലക്ഷം രൂപ വരെ ഫീസടച്ചവർക്കു പോലും പുസ്തകം നൽകിയിട്ടില്ല.
കോഴ്സ് നീണ്ടുപോവുന്ന സാഹചര്യത്തിൽ ഹോസ്റ്റൽ ഫീസ് അടക്കമുള്ള ചെലവും കൂടുകയാണ്.
ഫീസ് മടക്കിക്കിട്ടണമെന്ന ആവശ്യമാണ് വിദ്യാർത്ഥികളുടേത്.

നടക്കാവ് എസ്.ഐ മനോജിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാർത്ഥിനികളുമായും അക്കാഡമി സ്റ്റാഫുമായും സംസാരിച്ചു. പണം തിരിച്ചുനൽകാനാവില്ലെന്നും കോഴ്സ് പൂർത്തിയാക്കാമെന്നുമാണ് ഉടമകൾ ഫോണിലൂടെ പൊലീസിനെ അറിയിച്ചത്. എന്നാൽ, ഈ നിർദേശം അംഗീകരിക്കാനാവില്ലെന്നായിരുന്നു വിദ്യാർത്ഥിനികളുടെ നിലപാട്. ശനിയാഴ്ച സിറ്റി പൊലീസ് ചീഫിന്റെ ഓഫീസിലേക്ക് ഉടമകളെ വിളിച്ചുവരുത്തിയിട്ടുണ്ട്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.