
കുറ്റ്യാടി: മലയോരകാർഷികമേഖല കഠിനമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. കാലവസ്ഥാ വ്യതിയാനം മൂലമുണ്ടായ പ്രകൃതിക്ഷോഭം, കാട്ടുമൃഗങ്ങളുടെ ശല്യം, വിളകളുടെ വില കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കർഷകരെ നട്ടം തിരിക്കുകയാണ്. മണ്ണിനോട് പടവെട്ടി കൃഷി ചെയ്യുന്നത് വെറുതെയാവുന്നു എന്നാണ് കർഷകർ പറയുന്നത്. പലവഴികൾ നോക്കിയിട്ടും പലവാതിലുകൾ മുട്ടിയിട്ടും ഒന്നിനും മറുമരുന്നാവുന്നില്ല.
അത്യുഷ്ണവും അതിവർഷവും ഉത്പാദനത്തെ സാരമായി ബാധിച്ചു. ഇത്തരത്തിലുള്ള പ്രതിസന്ധികളും വെല്ലുവിളികളും കുടിയേറ്റ കാലത്തുപോലും കർഷകർ നേരിട്ടിട്ടില്ല. വിത്തെറിഞ്ഞിട്ടും വിളവെടുക്കാൻ ഒന്നുമില്ലാത്ത അവസ്ഥ. ഉരുൾപൊട്ടലും മലയിടിച്ചിലും വഴി ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി നശിച്ചു. ഉരുൾപൊട്ടലിൽ ഏക്കർ കണക്കിന്ന് കൃഷിഭൂമികളിൽ കല്ലും മണ്ണും വന്നിടഞ്ഞു കിടക്കുകയാണ്.
മണ്ടപോയ തെങ്ങുകളും മഞ്ഞളിപ്പ് ബാധിച്ച കവുങ്ങുകളും വരണ്ടുണങ്ങിയ നെൽപാടങ്ങളും ചീഞ്ഞ് നശിച്ച കുരുമുളക്, വാഴ, ഇഞ്ചി, തേയില, ഏലം, ജാതി തുടങ്ങിയ കൃഷികളും കർഷകനെ ദാരിദ്ര്യത്തിലേക്കും കടബാധ്യതകളിലേക്കും എത്തിച്ചിരിക്കുകയാണ്. പ്രധാനവരുമാന മാർഗമായിരുന്ന റബ്ബറിന്റെ ഉത്പാദനവും ഗണ്യമായി കുറഞ്ഞു. മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിൽ റബ്ബർ മരങ്ങളുടെ ഇലകൾക്ക്, ഇലപൊട്ടു രോഗം ബാധിച്ച് ഇലകൾ കൂട്ടത്തോടെ പൊഴിയുകയാണ്. കാവിലുംപാറ, മരുതോങ്കര, കുന്നുമ്മൽ, കായക്കൊടി, നരിപ്പറ്റ ഭാഗങ്ങളിൽ കാട്ടുപന്നികൾ,കുരങ്ങ്, ആന, മുള്ളൻപന്നി തുടങ്ങിയവ കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്ന്, ജാനകി കാട് പരിസര പ്രദേശങ്ങൾ, വില്യംപാറ, വണ്ണാത്തി പാറ, തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ തീരാ ദുരിതത്തിലാണ്. ഏതു നേരവും കാട്ടാനകൾ ആക്രമിക്കാം എന്നതിനാൽ നരിപ്പറ്റ, കാവിലുംപാറ പ്രദേശങ്ങളിൽ ധൈര്യമായി ഉറങ്ങാൻ പോലുമാകാത്ത വീട്ടുക്കാരെ ഏറെ കാണാം. കഷ്ടപ്പെട്ടുണ്ടാക്കുന്ന ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്നതാണ് മറ്രൊരു പ്രശ്നം. തേങ്ങയ്ക്ക് 20 വർഷംമുമ്പ് ലഭിച്ച വിലയാണ് ഇന്നും. മറ്ര് വിളകളുടെയും അവസ്ഥ ഇതുതന്നെ. ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത അവസ്ഥയിലാണ് കർഷകജനത.
എടുത്ത ലോണുകൾപോലും തിരിച്ചടക്കാൻ കഴിയാതായി. പലരെയും ബാങ്കുകാർ ജപ്തിഭീഷണിയുമായി ഇറക്കിവിടാൻ ശ്രമിക്കുന്നു. വിദ്യാഭ്യാസ ലോണുകൾപോലും നിഷേധിക്കപ്പെടുന്നു. കർഷകരുടെ ഭൂമിയ്ക്ക് വിലയില്ലാതാക്കി ഭൂമി കയ്യേറ്റങ്ങൾ തുടരുകയാണ്. ഗത്യന്തരമില്ലാതെ പലരും ഭൂമി ഉപേക്ഷിച്ച് പോകേണ്ടുന്ന അവസ്ഥയിലാണ്. ഒന്നിനുപുറകെ ഒന്നായി ദുരിതം വരുമ്പോഴും പ്രതീക്ഷകൾ മാത്രമാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്.
മലയോര പ്രദേശത്തിലെ കർഷകർ ഏറെ പ്രയാസത്തിലാണ്. കർഷകരുടെ സർവസ്വവും കാട്ടുമൃഗങ്ങൾ നശിപ്പിക്കുകയാണ് തോമസ് കാഞ്ഞിരത്തിങ്കൽ കർഷകൻ
കർഷകരെ രക്ഷിക്കാൻ വേണ്ട നടപടികൾ അധികാരികൾ കൈകൊള്ളണം ഡെന്നീസ് പെരുവേലിൽ, കർഷകൻ
പ്രശ്നങ്ങൾ
അത്യുഷ്ണവും അതിവർഷവും
ഉരുൾപൊട്ടൽ
വിലക്കുറവ്
വിളകളിലെ രോഗങ്ങൾ
വന്യമൃഗശല്യം
സുരക്ഷിതത്വമില്ലായിമ